മാഡ്രിഡ്: ചെമ്പടയുടെ വിങ്ങര്‍ സാദിയോ മാനെ ബാഴ്‌സലോണയിലേക്കെന്ന് സൂചന. നൗ കാമ്പില്‍ കളി പഠിപ്പിക്കാന്‍ എത്തിയ പരിശീലകന്‍ റൊണാള്‍ഡ് കൊമാനുമായുള്ള ബന്ധമാണ് മാനെയെ ബാഴ്‌സയിലേക്ക് അടുപ്പിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഇരുവരും സതാംപ്‌റ്റണിലുണ്ടായിരുന്നു. അന്ന് പരിശീലകനെന്ന നിലില്‍ കോമാന്‍ സെനഗല്‍ താരത്തെ സഹായിച്ചു. 75 മത്സരങ്ങളില്‍ നിന്നും 25 ഗോളുകള്‍ സ്വന്തമാക്കിയതോടെയാണ് താരത്തിന് ആന്‍ഫീല്‍ഡിലേക്ക് വഴി തുറന്നത്.
കഴിഞ്ഞ സീസണില്‍ ഇപിഎല്‍ കിരീടവും ക്ലബ് ലോകകപ്പും ആന്‍ഫീല്‍ഡില്‍ എത്തിക്കുന്നതില്‍ മാനെ നിര്‍ണായക പങ്ക് വഹിച്ചു. സീസണില്‍ 18 ഗോളുകളും മാനെ സ്വന്തമാക്കി. ചെമ്പടയുടെ തേരോട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന താരം പലപ്പോഴും മുന്നേറ്റ താരങ്ങളായ മുഹമ്മദ് സാലയുടെയും റോബെര്‍ട്ടോ ഫെര്‍മിനോയുടെയും നിഴലായി മാറി.
യുര്‍ഗന്‍ ക്ലോപ്പിന് കീഴിലെ വിങ്ങറായ മാനെ വ്യക്തിഗത നേട്ടങ്ങള്‍ കൂടി ലക്ഷ്യമിട്ടാകും കോമാനൊപ്പം നൗ കാമ്പിലേക്ക് ചേക്കേറാന്‍ നീക്കം നടത്തുന്നത്. ഇംഗ്ലണ്ടില്‍ ട്രോഫികള്‍ സ്വന്തമാക്കാനും ബഹുമാനം നേടിയെടുക്കാനും സാധിച്ചെങ്കിലും അര്‍ഹിച്ച വ്യക്തിഗത അംഗീകാരം ലഭിച്ചില്ലെന്നാണ് മാനെയുടെ പക്ഷമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മാനെയെ സ്വന്തമാക്കാന്‍ ബാഴ്‌സ 107 മില്യണ്‍ പൗണ്ട് മുടക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.