സിഡ്‌നി : ടി20 ലോകകപ്പ് സെമി ഫൈനല്‍ പോരിന് നാളെ തുടക്കം. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിന് പാകിസ്ഥാനാണ് എതിരാളി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30നാണ് മത്സരം തുടങ്ങുക.
സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ഒന്നില്‍ ഒന്നാം സ്ഥാനക്കാരായാണ് കിവീസ് സെമിക്കെത്തുന്നത്. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു പാകിസ്ഥാന്‍. ലോകകപ്പ് (ഏകദിന, ടി20) ചരിത്രത്തില്‍ ഇതിന് മുന്‍പ് മൂന്ന് തവണ നേര്‍ക്കുനേരെത്തിയപ്പോള്‍ കിവീസിനെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു.
1992, 1999 വര്‍ഷങ്ങളിലെ ഏകദിന ലോകകപ്പിലും 2007ലെ പ്രഥമ ടി20 ലോകകപ്പിലുമായിരുന്നു ഇത്. ഈ ടൂര്‍ണമെന്‍റുകളുടെ സെമി ഫൈനല്‍ ഘട്ടത്തിലായിരുന്നു നേര്‍ക്കുനേര്‍ പോരാട്ടമെന്നതും ശ്രദ്ധേയം. ഇതോടെ ചരിത്രം ആവര്‍ത്തിക്കാന്‍ ബാബറും സംഘവും ഉറങ്ങുമ്പോള്‍ മാറ്റിയെഴുതാനാവും കെയ്‌ന്‍ വില്യംസണിന്‍റെ കിവീസ് ലക്ഷ്യം വയ്‌ക്കുക.
വില്യംസണൊപ്പം മാര്‍ട്ടിന്‍ ഗപ്‌ടില്‍, ഫിന്‍ അലന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡെവൺ കോൺവെ, ഡാരിൽ മിച്ചൽ, ടിം സൗത്തി, ട്രെന്‍റ് ബോള്‍ട്ട് തുടങ്ങിയ താരങ്ങളുടെ പ്രകടനം കിവീസിന് ഏറെ നിര്‍ണായകമാവും. മറുവശത്ത് ക്യാപ്റ്റന്‍ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഷാന്‍ മസൂദ്, മുഹമ്മദ് ഹാരിസ്, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് തുടങ്ങിയ താരങ്ങളിലാണ് പാകിസ്ഥാന്‍റെ പ്രതീക്ഷ. വ്യാഴാഴ്‌ച നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യയ്‌ക്ക് ഇംഗ്ലണ്ടാണ് എതിരാളി.
പാകിസ്ഥാൻ സ്‌ക്വാഡ് : ബാബർ അസം (ക്യാപ്റ്റൻ), ആസിഫ് അലി, ഹൈദർ അലി, ഖുശ്ദിൽ ഷാ, ഷാൻ മസൂദ്, മുഹമ്മദ് ഹാരിസ്, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, മുഹമ്മദ് റിസ്‌വാന്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നൈൻ, നസീം ഷാ, ഷഹീൻ അഫ്രീദി.
ന്യൂസിലന്‍ഡ് സ്‌ക്വാഡ് : കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), മാർട്ടിൻ ഗപ്റ്റിൽ, ഫിൻ അലൻ ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്‍റ്‌നർ, ആദം മിൽനെ, ഇഷ് സോധി, ലോക്കി ഫെർഗൂസൺ, ടിം സൗത്തി, ഡെവൺ കോൺവേ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, ട്രെന്‍റ് ബോൾട്ട്.