അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് എട്ട് റൺസിന്‍റെ ജയം. ഇതോടെ പരമ്പരയില്‍ 2-2ന് ഇന്ത്യ ഒപ്പമെത്തി. അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് മാൻ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 185 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 23 പന്തില്‍ നിന്ന് 46 റണ്‍സുമായി ബെന്‍ സ്റ്റോക്ക്‌സ് വിജയ പ്രതീക്ഷ നല്‍കി. എന്നാൽ ബെന്‍ സ്‌റ്റോക്ക്‌സിനേയും മോര്‍ഗനേയും തുടരെയുള്ള പന്തുകളില്‍ മടക്കി ശര്‍ദുല്‍ താക്കൂറാണ് കളി ഇന്ത്യക്ക് അനുകൂലമായി തിരിച്ചത്. അവസാന ഓവറില്‍ ജയിക്കാൻ 23 റണ്‍സ് വേണ്ട ഇംഗ്ലണ്ടിന് 14 റണ്‍സ് മാത്രമാണ് നേടാനായത്. ഹർദിക് പാണ്ഡ്യ, രാഹുല്‍ ചഹർ എന്നിവർ രണ്ട് വിക്കറ്റ് വീതവും, ശര്‍ദുല്‍ താക്കൂർ മൂന്ന് വിക്കറ്റും, ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി.
അരങ്ങേറ്റ മത്സരത്തിൽ സൂര്യകുമാർ യാദവിന്‍റെ അർധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ അത്യാവശ്യം ഭേദപ്പെട്ട സ്‌കോർ നേടിയത്. ആദ്യ ഓവറിൽ 12 റൺസടിച്ച് രോഹിത് ശർമ തുടക്കം ഗംഭീരമാക്കിയെങ്കിലും അധികം ആയുസ് ഉണ്ടായിരുന്നില്ല ഹിറ്റ്മാന്‍റെ ഇന്നിംഗ്‌സിന്. ആർച്ചർ എറിഞ്ഞ നാലാം ഓവറിൽ 12 പന്തിൽ 12 റൺസ് നേടിയ രോഹിത് ആർച്ചറിന് തന്നെ ക്യാച്ച് നൽകിയാണ് കൂടാരം കേറിയത്.
രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ പന്ത് തന്നെ സിക്‌സ് അടിച്ചായിരുന്നു സൂര്യകുമാർ യാദവ് തുടങ്ങിയത്. ആക്രമിച്ച് കളിച്ച യാദവ് 31 പന്തുകളിൽ നിന്ന് 57 റൺസ് നേടിയാണ് പുറത്തായത്. 18 പന്തിൽ നിന്ന് 37 റൺസ് നേടിയ ശ്രേയസ് അയ്യരും 23 പന്തിൽ നിന്ന് 30 റൺസ് നേടിയ റിഷഭ് പന്തും ഇന്ത്യൻ സ്‌കോർ ഭേദപ്പെട്ട നിലയിൽ എത്തിക്കാൻ നിർണായക പങ്ക് വഹിച്ചു. ഇംഗ്ലണ്ട് പേസ് ബോളർ ജോഫ്ര ആർച്ചർ നാല് വിക്കറ്റ് നേടി.