ദുബായ്: ഏഷ്യ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാകുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങ്. സൂര്യയുടെ ബാറ്റിങ് പലപ്പോഴും പ്രതാപകാലത്തെ എബി ഡിവില്ലിയേഴ്‌സിനെ ഓര്‍മിപ്പിക്കുന്നതാണ്. ടി20 ലോകകപ്പില്‍ സൂര്യകുമാര്‍ കളിക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറ്റവും മികച്ചൊരു കളിക്കാരന്‍റെ പ്രകടനം കാണാന്‍ അവസരമുണ്ടാകുമെന്നും പോണ്ടിങ് പറഞ്ഞു.
ആത്മവിശ്വാസമാണ് സൂര്യകുമാറിനെ മറ്റ് കളിക്കാരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. ഏത് തരത്തിലുള്ള വെല്ലുവിളിയെയും നേരിടാമെന്ന സൂര്യകുമാറിന്‍റെ ഉറച്ച വിശ്വാസം ടീമിന് നല്‍കുന്നത് വലിയ മുന്‍തൂക്കമാണ്. ഏഷ്യ കപ്പിലും ലോകകപ്പിലും സൂര്യകുമാര്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണ് അഭിപ്രായം.
ന്യൂബോളില്‍ നിന്ന് മാറ്റി നിര്‍ത്തി മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാന്‍ അനുവദിക്കുന്നതാണ് നല്ലതെന്നും പോണ്ടിങ് പറഞ്ഞു. പ്രതാപകാലത്ത് ഡിവില്ലിയേഴ്‌സ് ചെയ്‌തതുപോലെ ഗ്രൗണ്ടിന്‍റെ ഏതുവശത്തേക്കും പന്തടിക്കാന്‍ കഴിവുള്ള 360 ഡിഗ്രി കളിക്കാരനാണ് അവന്‍. ലാപ് ഷോട്ട്, ലേറ്റ് കട്ട്, വിക്കറ്റ് കീപ്പറുടെ തലക്ക് മുകളിലൂടെ പന്തടിക്കുന്ന ഷോട്ടുകള്‍, അങ്ങനെ പലതരത്തില്‍ കളിക്കാന്‍ താരത്തിന് കഴിയും. കൂടാതെ പേസര്‍മാര്‍ക്കും സ്‌പിന്നര്‍മാര്‍ക്കും എതിരെ ഒരുപോലെ മികവ് പുലര്‍ത്താനും സൂര്യയ്‌ക്ക് കഴിയുമെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
also read: ഏഷ്യ കപ്പിലൂടെ വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് സൗരവ് ഗാംഗുലി