ലണ്ടന്‍ : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ വിമര്‍ശിച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റൻ നാസർ ഹുസൈൻ (Nasser Hussain). പേസര്‍മാരെ എങ്ങനെ നേരിടണമെന്ന് ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പാകിസ്ഥാൻ ക്യാപ്റ്റന്‍ ബാബർ അസം, ന്യൂസിലൻഡിന്‍റെ കെയ്ൻ വില്യംസൺ എന്നിവരിൽ നിന്ന് പഠിക്കണമെന്നാണ് നാസർ ഹുസൈൻ പറയുന്നത്.
ഓസീസിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനത്തില്‍ ഏറെ നിരാശനാണെന്നും ഇംഗ്ലണ്ടിന്‍റെ മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു. "ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനത്തില്‍ ശരിക്കും നിരാശയുണ്ട്, ഇത് പറഞ്ഞതിന് അവരുടെ ആരാധകർ എന്‍റെ പിന്നാലെ വന്നേക്കാം. പക്ഷേ പറയാതിരിക്കാന്‍ കഴിയില്ല.
ബോള്‍ രണ്ട് വശത്തേക്കും സ്വിങ് ചെയ്യുമ്പോള്‍ എങ്ങനെയാണ് കളിക്കേണ്ടതെന്ന് ഇന്ത്യൻ ടോപ്പ് ഓർഡർ ബാറ്റര്‍മാര്‍ ബാബർ അസമിനെയും കെയ്ൻ വില്യംസണിനെയും നോക്കി പഠിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരം പന്തുകളില്‍ ഇരുവരും ഏറെ വൈകിയാണ് കളിക്കുന്നതെന്ന് കാണാന്‍ സാധിക്കും" - നാസർ ഹുസൈന്‍ ഒരു പ്രമുഖ സ്പോർട്സ് മാധ്യമത്തോട് പറഞ്ഞു.
ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 209 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ശേഷം 444 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്ക് മുന്നില്‍ വച്ചത്. ഇത് പിന്തുടര്‍ന്ന ഇന്ത്യ 234 റൺസില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ ട്രാവിസ് ഹെഡ്, സ്റ്റീവ് സ്‌മിത്ത് എന്നിവരുടെ സെഞ്ചുറി മികവില്‍ 469 റണ്‍സാണ് അടിച്ച് കൂട്ടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യയെ 296 റണ്‍സിന് എറിഞ്ഞൊതുക്കുകയും ചെയ്‌ത സംഘം ഒന്നാം ഇന്നിങ്‌സില്‍ 173 റണ്‍സിന്‍റെ നിര്‍ണായകമായ ലീഡ് സ്വന്തമാക്കുകയും ചെയ്‌തു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 270 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌താണ് ഇന്ത്യയ്‌ക്ക് മുന്നില്‍ കൂറ്റന്‍ വിജയ ലക്ഷ്യം ഓസീസ് ഉയര്‍ത്തിയത്.
മത്സരത്തിന്‍റെ അവസാന ദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് ഏഴ് വിക്കറ്റ് കയ്യിലിരിക്കെ 280 റണ്‍സായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്. എന്നാല്‍ വെറും 70 റണ്‍സിനാണ് ശേഷിക്കുന്ന മുഴുവന്‍ വിക്കറ്റുകളും ഇന്ത്യ നഷ്‌ടപ്പെടുത്തിയത്.
ഇന്ത്യയ്‌ക്കും ഓസീസിനും പിഴ : ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യയ്‌ക്കും ഓസ്‌ട്രേലിയയ്‌ക്കും ഐസിസി പിഴ ശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയ്‌ക്ക് മാച്ച് ഫീയുടെ 100 ശതമാനവും ഓസ്‌ട്രേലിയയ്‌ക്ക് 80 ശതമാനവുമാണ് പിഴ ശിക്ഷ ലഭിച്ചത്. ഐസിസി നിയമപ്രകാരം നിശ്ചിത സമയത്ത് പൂര്‍ത്തിയാവാതിരിക്കുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴയായി വിധിക്കുക.
നിശ്ചിത സമയത്ത് ഇന്ത്യ അഞ്ച് ഓവറും ഓസ്‌ട്രേലിയ നാല് ഓവറും പിന്നിലായിരുന്നു എന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. ഇതോടെയാണ് ഇന്ത്യയ്‌ക്ക് നൂറും ഓസ്‌ട്രേലിയയ്‌ക്ക് എണ്‍പതും ശതമാനം പിഴ ലഭിച്ചത്.