ഹൈദരാബാദ് : സ്റ്റേഡിയത്തിലെ ആരാധകരുടെ പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ. ഹൈദരാബാദിൽ കളിക്കുന്നത് റാവൽപിണ്ടിയിൽ കളിക്കുന്നത് പോലെയാണ് തോന്നിയതെന്നാണ് മുഹമ്മദ് റിസ്‌വാൻ പറഞ്ഞത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ 121 പന്തിൽ 131 റൺസെടുത്ത റിസ്‌വാന്‍റെ പ്രകടനം പാകിസ്ഥാൻ വിജയത്തിൽ നിർണായകമായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഒരു ടീം പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും വലിയ വിജയലക്ഷ്യവും ഇതോടെ പാകിസ്ഥാന് സ്വന്തമായി (Mohammad Rizwan on Fan Support in Hyderabad).
കാണികൾ നൽകിയ പിന്തുണ എനിക്ക് റാവൽപിണ്ടിയിൽ കളിക്കുന്ന അനുഭവമാണ് നൽകിയത്. ആരാധകർ എന്നെ മാത്രമല്ല, പാക് ടീമിനെ ഒന്നടങ്കം പിന്തുണച്ചു. ഹൈദരാബാദിലെ കാണികൾ ശ്രീലങ്കയെയും പിന്തുണച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ അവരോടൊപ്പം ഒരുപാട് ആസ്വദിച്ചു. ലാഹോറിലെ ഞങ്ങളുടെ ഗ്രൗണ്ട് വലുതാണ്, ഒരുപാട് ആളുകൾ അവിടെ കളി കാണാൻ എത്തുന്നു, പക്ഷേ ഇന്ന് പാകിസ്ഥാന്‍റെ മത്സരം റാവൽപിണ്ടിയിൽ നടക്കുന്നതായി തോന്നുന്നുവെന്നാണ് പാക് വിക്കറ്റ് കീപ്പർ പറഞ്ഞത്.
ഞങ്ങൾ ആദ്യമായി ഗ്രൗണ്ടിൽ എത്തിയപ്പോൾ റിസ്‌വാൻ, നീ ഈ ഗ്രൗണ്ടിൽ രണ്ട് സെഞ്ച്വറി നേടണമെന്നാണ് ക്യൂറേറ്റർ എന്നോട് പറഞ്ഞത്. ഞാൻ ഇന്നും അവനെ കണ്ടിരുന്നു. അവന് വേണ്ടി നമുക്ക് പ്രാർഥിക്കാം - റിസ്‌വാൻ മാധ്യമങ്ങളോട് പറഞ്ഞു.
ലോകകപ്പ് മത്സരത്തിനായി പാകിസ്ഥാൻ ടീം ഹൈദരാബാദിൽ എത്തിയത് മുതൽ പാക് താരങ്ങൾക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇതോടൊപ്പം തന്നെ നെതർലൻഡ്‌സിനെതിരായ മത്സരത്തിലും കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരായ കളിയിലും പാക് ടീമിന് ലഭിച്ച ആരാധക പിന്തുണ എല്ലാവരും കണ്ടതാണ്. ഡച്ച് ടീമിനെതിരായ മത്സരത്തിൽ 9000-ലധികം പേരാണ് കളി കാണാനെത്തിയതെങ്കിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ 24000-ത്തിലധികം പേര്‍ ഉപ്പലിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ന്യൂസിലൻഡും നെതർലൻഡും തമ്മിൽ നടന്ന മത്സരത്തിൽ കാണികൾ പൊതുവെ കുറവായിരുന്നു.
നായകന്‍ ബാബര്‍ അസം നിറം മങ്ങിയ മത്സരത്തില്‍, കരുതലോടെ ബാറ്റുവീശിയ മുഹമ്മദ് റിസ്‌വാനൊപ്പം ഓപ്പണര്‍ അബ്‌ദുല്ല ഷഫീഖും (103 പന്തില്‍ 113 റണ്‍സ്) നേടിയ സെഞ്ചുറിയാണ് പാക് പടയ്‌ക്ക് ഇന്ധനമായത്. അബ്‌ദുല്ല ഷഫീഖിനൊപ്പം മൂന്നാം വിക്കറ്റിൽ 176 റൺസാണ് റിസ്‌വാൻ കൂട്ടിച്ചേർത്തത്.
പാക് ബാറ്റിങ് നിരയിൽ വിശ്വസ്‌തനായ ബാറ്ററാണ് റിസ്‌വാൻ. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലെ നിർണായക സെഞ്ച്വറിക്കൊപ്പം നെതർലൻഡ്‌സിനെതിരായ ആദ്യ മത്സരത്തിലും റിസ്‌വാൻ മികച്ച പ്രകടനം നടത്തിയിരുന്നു. നെതർലൻഡ്‌സിനെതിരെ, 38/3 എന്ന നിലയിലേക്കുവീണ പാകിസ്ഥാനെ സൗദ് ഷക്കീലിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടിലൂടെയാണ് റിസ്‌വാൻ കരകയറ്റിയത്. 78 പന്തിൽ 68 റൺസാണ് റിസ്‌വാൻ ഈ മത്സരത്തിൽ നേടിയത്.