ജയ്‌പൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ നായകൻ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ടീം ഡയറക്‌ടറും മുഖ്യ പരിശീലകനുമായ കുമാർ സംഗക്കാര. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സഞ്ജു എന്ന് പറഞ്ഞ സംഗക്കാര സഞ്ജുവിന്‍റെ ക്യാപ്‌റ്റൻസിയേയും പുകഴ്‌ത്തി.
'സഞ്ജു ഒരു ഗംഭീര ക്രിക്കറ്ററാണ്. ബോളർമാർക്ക് മേൽ നാശം വിതയ്‌ക്കാൻ കഴിവുള്ള മികച്ചൊരു മാച്ച് വിന്നറാണ് അദ്ദേഹം. ഈ കഴിവ് തന്നെയാണ് ഒരു ബാറ്ററിന് ആവശ്യം. ഞാൻ ടീമിന്‍റെ ചുമതലകളിലേക്ക് എത്തുന്നതിന് മുന്നേ തന്നെ സഞ്ജു ടീമിന്‍റെ നായകനാണ്. അതിന് ശേഷമാണ് അവനോട് അടുത്ത് പെരുമാറിയത്.' സംഗക്കാര പറഞ്ഞു.
'രാജസ്ഥാൻ റോയൽസിനോട് ഏറെ അഭിനിവേശമുള്ള താരമാണ് സഞ്ജു. അവൻ ഇവിടെ നിന്നാണ് തുടങ്ങിയത്. അതിനാൽ അവൻ റോയൽസിന് ഏറെ മൂല്യം കൽപ്പിക്കുന്നു. എല്ലാം അറിയുന്ന നായകനെ പോലെയല്ല സഞ്ജു പെരുമാറുന്നത്. പുതിയ കാര്യങ്ങൾ പഠിക്കാൻ അവൻ താൽപര്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു നായകന് വേണ്ട എല്ലാ ഗുണവും അവനുണ്ട്.' സംഗക്കാര കൂട്ടിച്ചേർത്തു.
'വളരെ സാധാരണക്കാരനായ മനുഷ്യനാണ് സഞ്ജു. വളരെ കുറച്ച് മാത്രം സംസാരിക്കുന്ന താരം. എന്നാലും മികച്ച തമാശക്കാരനാണ് സഞ്ജു. എന്നാൽ അത് ഇടയ്‌ക്ക് മാത്രമേ പുറത്തു വരികയുള്ളു. എല്ലാ മത്സരവും വിജയിക്കണം എന്ന ആഗ്രഹം അവന്‍റെ ഉള്ളിലുണ്ട്. അവന് എല്ലാ വിധത്തിലുമുള്ള പിന്തുണ നൽകുക എന്നതാണ് ഇപ്പോൾ എന്‍റെ കടമ', സംഗക്കര വ്യക്‌തമാക്കി.
ALSO READ: പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി വനിത ഹോക്കി താരം വന്ദന കടാരിയ
ഇക്കുറി ഒട്ടേറെ മാറ്റങ്ങളുമായാണ് സഞ്ജുവും കൂട്ടരും ഇത്തവണ കളത്തിലെത്തുന്നത്. യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ എന്നിവരെ ടീമിലെത്തിച്ചതാണ് ഇതിൽ പ്രധാനം. കൂടാതെ ദേവ്ദത്ത് പടിക്കൽ, ഹെറ്റ്‌മെയർ തുടങ്ങി ഒരു പിടി വെടിക്കെട്ട് ബാറ്റർമാരെയും ഇത്തവണ രാജസ്ഥാൻ സ്വന്തമാക്കിയിട്ടുണ്ട്. മാർച്ച് 29ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായാണ് രാജസ്ഥാന്‍റെ ആദ്യ മത്സരം.