ഹൈദരാബാദ് : പേസ് ബോളിങ് നിരയിൽ ഇന്ത്യൻ ടീമിന്‍റെ കുന്തമുനയാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഉമ്രാൻ മാലിക്. 150 കിലോമീറ്റർ വേഗതയിൽ നിരന്തരം പന്തെറിയാൻ സാധിക്കുന്നതിനാൽ തന്നെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ പിന്തുണയാണ് താരം നേടിയെടുത്തത്. ഉമ്രാൻ ഇത്തവണത്തെ ഐപിഎല്ലിന്‍റെയും താരമാകുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ ഇപ്പോൾ താരം എവിടെയെന്ന് പോലും അറിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
സണ്‍റൈസേഴ്‌സ് നിരയിൽ ഈ സീസണിൽ ആകെ ഏഴ് മത്സരങ്ങളിൽ മാത്രമാണ് ഉമ്രാന് അവസരം ലഭിച്ചത്. എന്നാൽ സീസണിലുടനീളം മോശം പ്രകടനമാണ് താരത്തിന് പുറത്തെടുക്കാൻ സാധിച്ചത്. ഏഴ് മത്സരങ്ങളിൽ നിന്ന് 17 ഓവറുകൾ (102 പന്തുകൾ) എറിഞ്ഞ താരം 176 റണ്‍സാണ് വഴങ്ങിയത്. അഞ്ച് വിക്കറ്റുകൾ മാത്രമേ ഈ വലം കൈയ്യൻ പേസറിന് നേടാനായുള്ളൂ. പിന്നാലെ താരത്തെ പ്ലെയിങ് ഇലവനിൽ നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ സീസണിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 14 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകളായിരുന്നു ഉമ്രാൻ വീഴ്‌ത്തിയത്. പിന്നാലെ താരം ഇന്ത്യൻ ടീമിലേക്ക് എത്തുകയും ചെയ്‌തിരുന്നു. ഇപ്പോൾ ഉമ്രാൻ മാലിക്കിനെ വേണ്ട രീതിയിൽ ഉപയോഗിക്കാത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാനേജ്‌മെന്‍റിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ ഓൾറൗണ്ടർ യൂസഫ് പത്താൻ.
കഴിഞ്ഞ വർഷം ഉമ്രാൻ മാലിക് മികച്ച പ്രകടനം കാഴ്‌ചവച്ചു. അപ്പോൾ അതിന്‍റെ ക്രെഡിറ്റ് നിങ്ങൾ എല്ലാവരും ചേർന്ന് ഏറ്റെടുത്തു. എന്നാൽ ഈ വർഷം അദ്ദേഹത്തിന് നിങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. എന്നാൽ അത് ലഭിച്ചോ ? അവനെ ശരിയായി നിങ്ങൾ വിനിയോഗിച്ചോ? അവൻ ഒരു യുവ ബൗളറാണ്, അവൻ ഇന്ത്യയുടെ ഭാവിയാണ്. അന്താരാഷ്‌ട്ര മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് വേണ്ടി അവൻ നന്നായി കളിച്ചിട്ടുണ്ട്. ഇത്തവണ അവനെ നിങ്ങൾ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല - യൂസഫ് പത്താൻ പറഞ്ഞു.
വലിയ പരാജയം : ഇന്ത്യൻ യുവ താരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സണ്‍റൈസേഴ്‌സ് മാനേജ്മെന്‍റ് വലിയ പരാജയമാണെന്നും യൂസഫ് പത്താൻ വ്യക്‌തമാക്കി. കളിക്കാരെ എപ്പോൾ പിന്തുണയ്‌ക്കണമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഉദാഹരണമായി അഭിഷേക് ശർമയെ തന്നെ എടുക്കാം. കഴിഞ്ഞ സീസണിൽ അവൻ സണ്‍റൈസേഴ്‌സിന്‍റ ഓപ്പണറായി കളിച്ചു. മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ഈ വർഷം അവന്‍റെ ബാറ്റിങ് പൊസിഷനുകൾ മാറ്റി, ഒരുഘട്ടത്തിൽ അവനെ ബഞ്ചിലിരുത്തി - യൂസഫ് പത്താൻ കൂട്ടിച്ചേർത്തു.
ALSO READ: IPL 2023| 'എതിരെയല്ല, വിരാട് കോലിക്കൊപ്പം കളിക്കുന്നതാണ് മികച്ച അനുഭവം': ഫാഫ് ഡുപ്ലെസിസ്
കൈയ്യൊഴിഞ്ഞ് മാർക്രം : കഴിഞ്ഞ ദിവസം പ്ലെയിങ് ഇലവനിൽ നിന്ന് ഉമ്രാൻ മാലിക്കിനെ എന്തുകൊണ്ട് പുറത്താക്കി എന്ന ചോദ്യത്തിന് സണ്‍റൈസേഴ്‌സ് നായകൻ എയ്‌ഡൻ മാർക്രം നൽകിയ ഉത്തരം ആരാധകരെ അതിശയിപ്പിച്ചിരുന്നു.'സത്യസന്ധമായി പറഞ്ഞാൽ, തീർച്ചയായും അവൻ എക്‌സ് ഫാക്‌ടറുള്ള ഒരു കളിക്കാരനാണ്. 150 കിമീ വേഗതയിൽ പന്തെറിയുന്നു. പക്ഷേ തിരശ്ശീലയ്‌ക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല' - എന്നായിരുന്നു മാർക്രത്തിന്‍റെ ഉത്തരം.
തോറ്റ് തോറ്റ് : അതേസമയം സീസണിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇതിനകം തന്നെ പുറത്തായിട്ടുണ്ട്. 13 മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒൻപത് തോൽവിയും ഉൾപ്പടെ എട്ട് പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്. ഇനി മുംബൈ ഇന്ത്യൻസുമായി ഒരു മത്സരം മാത്രമാണ് ടീമിന് അവശേഷിക്കുന്നത്. ഈ മത്സരത്തിൽ വിജയിച്ച് സീസണ്‍ അവസാനിപ്പിക്കാനാകും സണ്‍റൈസേഴ്‌സിന്‍റെ ശ്രമം.