ബാംഗ്ലൂര്‍: ഐപിഎല്‍ പതിനാറാം പതിപ്പില്‍ ഒരുഘട്ടത്തില്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിനുള്ളില്‍ സ്ഥാനം പിടിച്ചിരുന്ന ടീമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആദ്യ മത്സരം പഞ്ചാബിനോട് തോറ്റ അവര്‍ പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ച് ടൂര്‍ണമെന്‍റിലേക്ക് ശക്തമായി തിരിച്ചുവന്നു. എന്നാല്‍ ആ രണ്ട് ജയങ്ങള്‍ പിന്നീടുള്ള മത്സരങ്ങളില്‍ തുടരാന്‍ അവര്‍ക്കായില്ല.
തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ തോറ്റു. പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കും ടീം വീണു. ഈ നാല് തോല്‍വികളില്‍ നിന്നും കരകയറാനായാണ് കൊല്‍ക്കത്ത ചിന്നസ്വാമിയിലെത്തിയത്. എന്നാല്‍ അവിടെ ടോസ് ഭാഗ്യം അവരെ തുണച്ചില്ല.
മത്സരത്തില്‍ ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി കൊല്‍ക്കത്തയെ ബാറ്റിങ്ങിന് വിട്ടു. നായകന്‍ ഉള്‍പ്പടെയുള്ള കൊല്‍ക്കത്തന്‍ ബാറ്റര്‍മാര്‍ താളം കണ്ടെത്തിയതോടെ ചിന്നസ്വാമിയില്‍ സന്ദര്‍ശകര്‍ 200 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങില്‍ 201 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബി തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ആദ്യ രണ്ടോവറില്‍ തന്നെ 30 റണ്‍സ് ആതിഥേയര്‍ അടിച്ചുകൂട്ടി. ഇതോടെ കൊല്‍ക്കത്തന്‍ നായകന്‍ നിതീഷ് റാണ സ്‌പിന്നര്‍മാരെ കളത്തിലിറക്കി.
ആദ്യമെത്തിയ സുയഷ് ശര്‍മ്മ ആദ്യ ഓവറില്‍ തന്നെ ഡുപ്ലെസിസിനെ മടക്കി ഇംപാക്‌ട് ഉണ്ടാക്കി. പിന്നാലെയെത്തിയ വരുണ്‍ ചക്രവര്‍ത്തിയും ആര്‍സിബി ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി. മത്സരത്തില്‍ സുയഷ് ശര്‍മ്മ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ കൊല്‍ക്കത്തയുടെ 'മിസ്റ്ററി' സ്‌പിന്നറായ വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റാണ് നേടിയത്.
നാലോവറില്‍ 27 റണ്‍സ് വഴങ്ങി ആയിരുന്നു ചക്രവര്‍ത്തിയുടെ മൂന്ന് വിക്കറ്റ് പ്രകടനം. മിന്നും ഫോമിലുള്ള ഗ്ലെന്‍ മാക്‌സ്‌വെല്‍ (5), കൊല്‍ക്കത്തയ്‌ക്കെതിരെ ബാറ്റിങ്ങില്‍ താളം കണ്ടെത്തിയ മഹിപാല്‍ ലോംറോര്‍ (34), ദിനേശ് കാര്‍ത്തിക്ക് (21) എന്നിവരുടെ വിക്കറ്റാണ് കളിയിലെ താരമായി മാറിയ വരുണ്‍ ചക്രവര്‍ത്തി വീഴ്‌ത്തിയത്. മത്സരശേഷം തനിക്ക് ലഭിച്ച 'മാന്‍ ഓഫ് ദ മാച്ച്' പുരസ്‌കാരം മകന് സമര്‍പ്പിച്ച താരം, കുഞ്ഞിനെ കാണാന്‍ കഴിയാത്തതിലുള്ള വിഷമവും വെളിപ്പെടുത്തി.
'ഈ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന്‍റെ ക്രെഡിറ്റ് എന്‍റെ കുഞ്ഞിനാണ്. ജനിച്ച് ഇത്ര ദിവസമായിട്ടും എനിക്ക് അവനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഈ പുരസ്‌കാരം അവനും ഭാര്യയ്‌ക്കും സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' വരുണ്‍ ചക്രവര്‍ത്തി വ്യക്തമാക്കി.
എപ്പോള്‍ മകനെ കാണാന്‍ പോകുമെന്ന് കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്ലയുടെ ചോദ്യത്തിന് ഐപിഎല്ലിന് ശേഷം എന്നായിരുന്നു വരുണ്‍ ചക്രവര്‍ത്തിയുടെ മറുപടി. മത്സരങ്ങളില്‍ ടീമിന് വേണ്ടി ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടങ്ങളില്‍ പന്തെറിയുന്നത് താന്‍ ആസ്വദിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ 16-ാം പതിപ്പില്‍ കൊല്‍ക്കത്തയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരനാണ് വരുണ്‍ ചക്രവര്‍ത്തി. എട്ട് മത്സരങ്ങള്‍ കളത്തിലിറങ്ങിയ താരം ഇതുവരെ 13 വിക്കറ്റ് നേടിയിട്ടുണ്ട്.