മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഹാരി ബ്രൂക്കിന് പിന്നാലെ ഐപിഎല്ലിന്‍റെ 16ാം സീസണിലെ രണ്ടാം സെഞ്ചുറിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍ വെങ്കടേഷ് അയ്യര്‍ നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 51 പന്തില്‍ 104 റണ്‍സാണ് വെങ്കടേഷ് അടിച്ചുകൂട്ടിയത്. ആറ് ഫോറുകളും ഒമ്പത് സിക്‌സുകളുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്.
2008-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ബ്രണ്ടൻ മക്കല്ലം നേടിയതിന് ശേഷം ഒരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തിന്‍റെ ആദ്യ സെഞ്ചുറി കൂടിയാണിത്. ഈ പ്രകനത്തിന് പിന്നാലെ വെങ്കടേഷ് അയ്യരെ പുകഴ്‌ത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍.
മൈതാനത്തിന്‍റെ നാലുപാടും പന്തടിക്കാന്‍ ഭയമില്ലാത്ത വെങ്കടേഷ് 360 ഡിഗ്രി താരമാണെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. "നേരത്തെ ഹാരി ബ്രൂക്ക് എന്താണ് ചെയ്‌തതെന്ന് നമ്മളെല്ലാവരും കണ്ടതാണ്. ഇന്ന് വാങ്കഡെയില്‍ വെങ്കടേഷിന്‍റെ പ്രകടനം ഏറെ മികച്ചതായിരുന്നു". - പീറ്റേഴ്‌സണ്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് പറഞ്ഞു.
ബാക്ക് - ഫൂട്ടില്‍ വെങ്കടേഷ് കളിക്കുന്ന സ്ട്രോക്ക് - പ്ലേയിൽ പീറ്റേഴ്‌സൺ മതിപ്പ് പ്രകടിപ്പിച്ചു. "അവൻ നല്ല ഉയരമുള്ള ആളാണ്. ബൗൺസറുകള്‍ നേരിടുമ്പോള്‍ തന്‍റെ ഉയരം അവനെ മുന്നില്‍ നിര്‍ത്തും. അവൻ ബാക്ക് - ഫൂട്ടിൽ നിന്ന് കളിച്ച രീതി എന്നെ വളരെയധികം ആകർഷിച്ചു. സ്‌പിന്നര്‍മാര്‍ക്കെതിരെയും മികച്ച പ്രകടനമാണ് വെങ്കടേഷ് നടത്തിയത്. അവന്‍ 360 ഡിഗ്രി കളിക്കാരനാണ്. ഗ്രൗണ്ടിന് ചുറ്റും കളിക്കാൻ അയാൾക്ക് ഭയമില്ല" - പീറ്റേഴ്‌സൺ കൂട്ടിച്ചേർത്തു.
യുഎഇ വേദിയായ 2021ലെ ഐപിഎല്‍ സീസണിലാണ് താന്‍ വെങ്കടേഷിന്‍റെ പ്രകടനം ആദ്യമായി കാണുന്നത്. അന്ന് മികച്ച പുൾ ഷോട്ടുകളും ഡ്രൈവുകളും കളിച്ചപ്പോൾ തന്നെ താരത്തെ ശ്രദ്ധിച്ചിരുന്നു. താരത്തിന് മികച്ച ക്രിക്കറ്റ് ഗുണങ്ങളുണ്ടെന്ന് അന്നുതന്നെ താന്‍ ചിന്തിച്ചിരുന്നു. ഈ ഗുണമാണ് വെങ്കടേഷ് തെളിയിക്കുന്നതെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞുനിര്‍ത്തി.
മത്സരത്തില്‍ കൊല്‍ക്കത്തയുടെ മറ്റ് താരങ്ങള്‍ക്ക് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, തുടക്കം മുതല്‍ക്ക് തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞ വെങ്കടേഷ് 23 പന്തുകളില്‍ നിന്നും നിന്നും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. താരത്തിന്‍റെ സെഞ്ചുറി മികവില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയ്‌ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സെടുക്കാനാണ് സാധിച്ചത്.
ആന്ദ്രെ റസ്സല്‍ (11 പന്തില്‍ 21*), ശാര്‍ദുല്‍ താക്കൂര്‍ (11 പന്തില്‍ 13), റിങ്കു സിങ് (18 പന്തില്‍ 18) എന്നിങ്ങനെയാണ് മറ്റ് താരങ്ങളും പ്രധാന സംഭവന. പക്ഷെ മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 17.4 ഓവറില്‍ 186 റണ്‍സെടുത്ത് വിജയം ഉറപ്പിച്ചു. ഇഷാന്‍ കിഷന്‍റെ അര്‍ധ സെഞ്ചുറിയാണ് ടീമിന്‍റെ വിജയത്തിന് അടിത്തറ ഒരുക്കിയത്.
25 പന്തില്‍ അഞ്ച് വീതം ഫോറുകലും സിക്‌സറുകളുമായി 58 റണ്‍സാണ് താരം നേടിയത്. സൂര്യകുമാര്‍ യാദവ് (43), തിലക് വര്‍മ(30) , ടിം ഡേവിഡ് (24*) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.
ALSO READ: IPL 2023 | 'അവനെ ആരും ആശ്രയിക്കുന്നില്ല'; രാഹുലിന്‍റെ ഫോമില്‍ ലഖ്‌നൗവിന് ആശങ്കയില്ലെന്ന് ആകാശ് ചോപ്ര