അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ എയ്‌ഡന്‍ മാര്‍ക്രം ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 62-ാം മത്സരമാണിത്.
ഗുജറാത്ത് ടൈറ്റന്‍സിന്‍റെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. വിക്കറ്റിൽ ഈർപ്പം ഉണ്ടെന്ന് തോന്നുന്നതായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ എയ്‌ഡന്‍ മാര്‍ക്രം പ്രഞ്ഞു. വിക്കറ്റിലെ ഈര്‍പ്പം പേസര്‍മാര്‍ക്ക് ഗുണകരമാണ്. പദ്ധതികള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കുകയാണ് വേണ്ടത്.
എല്ലാ താരങ്ങള്‍ക്കും സ്വതന്ത്രമായി കളിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. അതിനായാണ് അവര്‍ കാത്തിരിക്കുന്നത്. ഞങ്ങളുടെ കഴിവുകള്‍ക്ക് അനുസരിച്ച് നല്ല ക്രിക്കറ്റ് കളിക്കാനാണ് ശ്രമിക്കുന്നതെന്നും എയ്‌ഡന്‍ മാര്‍ക്രം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളിക്കുന്നത്. ഗ്ലെൻ ഫിലിപ്‌സിന് പകരം മാർക്കോ ജാൻസെനാണ് ടീമിലിടം നേടിയത്.
നല്ല ക്രിക്കറ്റ് കളിക്കുകയെന്നതാണ് പ്രധാനമെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. ഞങ്ങള്‍ക്ക് അതിന് കഴിഞ്ഞിട്ടുണ്ട്. പോയിന്‍റ് ടേബിളിലെ സ്ഥാനം കാര്യമാക്കുന്നില്ല. ഇതൊരു പുതിയ വിക്കറ്റാണ്. ടോസ് ലഭിച്ചിരുന്നുവെങ്കില്‍ ഫീൽഡ് ചെയ്യാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഗുജറാത്ത് ടൈറ്റന്‍സ് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി. പരിക്കേറ്റ വിജയ് ശങ്കറിന് പകരം സായ് സുദര്‍ശന്‍ പ്ലേയിങ് ഇലവനില്‍ എത്തിയപ്പോള്‍ ദാസുന്‍ ഷനക അരങ്ങേറ്റം കുറിക്കുന്നു. യഷ് ദയാലും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അര്‍ബുദത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി പ്രത്യേക ജഴ്‌സിയണിഞ്ഞാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): ശുഭ്‌മാൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ്), സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ(വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലർ, ദസുൻ ഷനക, രാഹുൽ തെവാട്ടിയ, മോഹിത് ശർമ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്.
ഗുജറാത്ത് ടൈറ്റൻസ് സബ്‌സ്: യഷ് ദയാൽ, ശ്രീകർ ഭരത്, ദർശൻ നൽകണ്ടെ, രവിശ്രീനിവാസൻ സായ് കിഷോർ, ശിവം മാവി.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം(ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ(വിക്കറ്റ് കീപ്പര്‍), അബ്ദുൾ സമദ്, സൻവീർ സിങ്, മായങ്ക് മാർക്കണ്ഡെ, മാർക്കോ ജാൻസെൻ, ഭുവനേശ്വർ കുമാർ, ഫസൽഹഖ് ഫാറൂഖി, ടി നടരാജൻ.
സൺറൈസേഴ്‌സ് ഹൈദരാബാദ് സബ്‌സ്: അൻമോൽപ്രീത് സിങ്, ഗ്ലെൻ ഫിലിപ്‌സ്, അകേൽ ഹൊസൈൻ, മായങ്ക് ദാഗർ, നിതീഷ് റെഡ്ഡി.