ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎൽ) ക്ലബ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ക്രിക്കറ്റ് കിറ്റുകൾ മോഷ്‌ടിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഡല്‍ഹി മാനേജ്‌മെന്‍റ് നല്‍കിയ പരാതി അന്വേഷിച്ച ബെംഗളൂരു കബ്ബൺ പാർക്ക് പൊലീസാണ് രണ്ട് പേരെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. പ്രതികളില്‍ നിന്നും 17 ബാറ്റുകള്‍, ഗ്ലൗവ്‌സ്, ഹെൽമെറ്റുകൾ, പാഡുകൾ എന്നിവയുൾപ്പെടെ നിരവധി സാധനങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ക്രിക്കറ്റ് കളിക്കാനാണ് കിറ്റ് മോഷ്‌ടിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. ഈ മാസം 15ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് പിന്നാലെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ക്രിക്കറ്റ് കിറ്റുകൾ നഷ്‌ടമായത്. ബാംഗ്ലൂരിന്‍റെ തട്ടകമായ ചിന്നസ്വാമിയിലായിരുന്നു മത്സരം നടന്നത്.
തുടര്‍ന്ന് ഡൽഹിയിലെ ഹോട്ടൽ മുറിയിലേക്ക് സാധനങ്ങള്‍ തിരികെ എത്തിച്ചപ്പോഴാണ് കിറ്റുകള്‍ നഷ്‌ടമായ വിവരം താരങ്ങള്‍ മനസിലാക്കുന്നത്. ഡല്‍ഹി നായകന്‍ ഡേവിഡ് വാർണർ, യാഷ് ദുള്‍, ഫിൽ സോൾട്, മിച്ചൽ മാർഷ് എന്നിവരുടെ ബാറ്റുകളായിരുന്നു മോഷണം പോയത്. വിവരം അറിഞ്ഞതിന് പിന്നാലെ ഡല്‍ഹി മാനേജ്‌മെന്‍റ് ബെംഗളൂരു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസന്വേഷണത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ മോഷണം നടന്നതായി സംശയം ഉയർന്നിരുന്നു. ഇതിന്‍റെ ചുവടുപറ്റിയാണ് പൊലീസ് പ്രതികളിലേക്ക് എത്തിച്ചേര്‍ന്നത്. മോഷ്‌ടിക്കപ്പെട്ട ക്രിക്കറ്റ് കിറ്റ് കണ്ടെത്തിയതിന് ഡൽഹി ക്യാപിറ്റൽസ് നായകന്‍ ഡേവിഡ് വാർണർ പൊലീസിന് നന്ദി അറിയിച്ചിട്ടുണ്ട്.
വ്യാജ ടിക്കറ്റ് വില്‍പ്പനയ്‌ക്ക് ഓരാള്‍ പിടിയില്‍: ഇന്ത്യൻ പ്രീമിയർ ലീഗില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്‌സും തമ്മില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ വ്യാജ ടിക്കറ്റ് വിറ്റതിന് ഒരാള്‍ ബെംഗളൂരു പൊലീസിന്‍റെ പിടിയില്‍. സ്റ്റേഡിയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ ഉൾപ്പെടെയുള്ള രണ്ടുപേർക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്.
ബെംഗളൂരുവിൽ നടക്കുന്ന ഐപിഎൽ ടൂർണമെന്‍റുകളുടെ ടിക്കറ്റ് വിതരണ ചുമതലയുള്ള സുമന്ത് എന്നയാള്‍ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ദർശന്‍, സുൽത്താന്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ദർശനാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ ടൂർണമെന്‍റിനിടെ പാർട്ട് ടൈം സ്റ്റാഫായി ജോലി ചെയ്‌തുവന്നിരുന്നത്.
ജോലിയുടെ ഭാഗമായി താത്കാലിക തിരിച്ചറിയൽ കാർഡിനൊപ്പം ബാർ കോഡും ഇയാള്‍ക്ക് നൽകിയിരുന്നു. ഈ ബാര്‍ക്കോഡ് ദുരുപയോഗം ചെയ്‌താണ് ദർശനും സുല്‍ത്താനും ചേര്‍ന്ന് വ്യജ ടിക്കറ്റ് ഉണ്ടാക്കിയത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഒരൊറ്റ ബാർകോഡിൽ നിന്ന് നിരവധി ക്യുആർ കോഡുകള്‍ സൃഷ്‌ടിച്ചതായി കണ്ടെത്തുകയായിരുന്നു.
വിശദമായ പരിശോധനയ്‌ക്ക് ശേഷമാണ് ബാർകോഡ് ദര്‍ശന് നല്‍കിയതാണെന്ന് വ്യക്തമായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഏപ്രിൽ 17ന് നടന്ന ബാംഗ്ലൂര്‍- ചെന്നൈ മത്സരത്തിന്‍റെ ടിക്കറ്റിന് ഏറെ ആവശ്യക്കാരുണ്ടായിരുന്നു. പത്തായിരം മുതല്‍ പതിനയ്യായിരം രൂപയ്‌ക്ക് വരെയാണ് പ്രതികള്‍ വ്യാജ ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയതെന്നും പൊലീസ് അറിയിച്ചു.
ALSO READ: 'സഞ്ജു മോനെ ഒന്ന് സൂക്ഷിച്ചോ....ഒരു മുട്ടൻ പണി വരുന്നു'; മുന്നറിയിപ്പുമായി നടന്‍ കിഷോര്‍ സത്യ