ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 2023 സീസണില്‍ പുതു പ്രതീക്ഷയോടെയാവും രാജസ്ഥാന്‍ റോയര്‍സ് കളത്തിലിറങ്ങുക. കഴിഞ്ഞ സീസണില്‍ കയ്യകലത്തില്‍ നഷ്‌ടമായ കിരീടം തന്നെയാവും മലയാളി താരം സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍റെ ലക്ഷ്യം. 2022 സീസണിന്‍റെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനോടായിരുന്നു രാജസ്ഥാന്‍ റോയല്‍സ് കീഴടങ്ങിയത്.
ഇതോട ഐപിഎല്ലില്‍ രണ്ടാം കിരീടമെന്ന സംഘത്തിന്‍റെ സ്വപ്നമായിരുന്നു പൊലിഞ്ഞത്. ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ തന്നെ കിരീടം നേടാന്‍ കഴിഞ്ഞ ടീമിന് പിന്നീട് കാര്യമായ മികവിലേക്ക് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സഞ്‌ജുവിന്‍റെ കീഴില്‍ പുതിയ ഒരു തലത്തിലേക്ക് വളരാന്‍ രാജസ്ഥാന് കഴിഞ്ഞുവെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഒരു കൂട്ടം മാച്ച് വിന്നര്‍മാര്‍ ഉള്‍പ്പെടുന്ന രാജസ്ഥാന് ഈ സീസണിലും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
രാജസ്ഥാന്‍റെ ശക്തി: ശക്തമായ ബാറ്റിങ് നിര തന്നെയാണ് രാജസ്ഥാന്‍റെ കരുത്ത്. ടീമിന്‍റെ ഓപ്പണിങ് ജോഡികളായ യശസ്വി ജയ്‌സ്‌വാളും ജോസ് ബട്ട്‌ലറും ആരെയും വെല്ലുവിളിയാവാന്‍ പോന്നവരാണ്. ഇംഗ്ലണ്ട് ടി20 ക്യാപ്റ്റൻ ജോസ് ബട്‌ലര്‍ സ്ഥിരതയോടെ കളിക്കുമ്പോള്‍ ജയ്‌സ്‌വാളിന്‍റെ മിന്നും ഫോം രാജസ്ഥാന് മുതല്‍ക്കൂട്ടാവുമെന്നുറപ്പ്.
കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ 80ന് അടുത്ത് ശരാശരിയോടെ 396 റൺസാണ് താരം അടിച്ച് കൂട്ടിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാവട്ടെ 141.48 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 266 റൺസ് നേടാനും ജയ്‌സ്‌വാളിന് കഴിഞ്ഞിരുന്നു. കൂടാതെ ബംഗ്ലാദേശ് എയ്‌ക്കെതിരെ ഇന്ത്യ എയ്‌ക്കായി സെഞ്ചുറി നേടിയും ഇടങ്കയ്യന്‍ താരം തിളങ്ങി.
ജോ റൂട്ട്, ദേവ്‌ദത്ത് പടിക്കല്‍, ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍, ഷിമ്രോൺ ഹെറ്റ്‌മെയർ, ജേസൺ ഹോൾഡര്‍, റിയാന്‍ പരാഗ് തുടങ്ങിയ താരങ്ങളും എന്തിനും പോന്നവരാണ്. കൂടാതെ രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, ആദം സാംപ തുടങ്ങിയവര്‍ അണിനിരക്കുന്ന ടീമിന്‍റെ സ്‌പിന്‍ യൂണിറ്റും മികച്ചതാണ്.
രാജസ്ഥാന്‍റെ ദൗര്‍ബല്യം: പേസ് യൂണിറ്റിലേക്ക് വരുമ്പോള്‍ പരിചയ സമ്പന്നനായ ട്രെന്‍റ് ബോൾട്ടിന്‍റെ സാന്നിധ്യം ടീമിന് ഗുണം ചെയ്യും. എന്നാല്‍ മറ്റ് പേസര്‍മാരായ നവദീപ് സെയ്‌നി, കുൽദീപ് സെൻ, ഒബെദ് മക്കോയ് എന്നിവര്‍ പ്രതീക്ഷയ്‌ക്ക് ഒത്ത് ഉയരേണ്ടതുണ്ട്. പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ സീസണല്‍ നഷ്‌ടപ്പെട്ട പ്രസിദ് കൃഷ്ണയുടെ അഭാവം രാജസ്ഥാന് തിരിച്ചടിയാവും.
മികച്ച ഓള്‍ റൗണ്ടര്‍മാരില്ലെന്നതും രാജസ്ഥാന്‍റെ ദൗര്‍ബല്യമാണ്. വിന്‍ഡീസ് താരം ജേസൺ ഹോൾഡറര്‍ മാത്രമാണ് ടീമിനെ പ്രധാന ഓള്‍ റൗണ്ടര്‍. ദക്ഷിണാഫ്രിക്കൻ താരം ഡോണോവൻ ഫെരേര, ആഭ്യന്തര റിക്രൂട്ട്‌മെന്‍റുകളായ അബ്ദുൾ ബാസിത്ത്, ആകാശ് വസിഷ്ഠ് എന്നിവരും ടീമിന്‍റെ ഭാഗമാണെങ്കിലും താരങ്ങള്‍ ഇതേവരെ ഈ നിലവാരത്തിൽ പരീക്ഷിക്കപ്പെട്ടിട്ടില്ല. 'ഇംപാക്റ്റ് പ്ലെയർ' നിയമത്തിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ രാജസ്ഥാന് കഴിഞ്ഞേക്കും.
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്: സഞ്ജു സാംസൺ (സി), യശസ്വി ജയ്‌സ്‌വാൾ, ഷിമ്രോൺ ഹെറ്റ്‌മെയർ, ദേവ്ദത്ത് പടിക്കൽ, ജോസ് ബട്‌ലർ, ധ്രുവ് ജുറൽ, റിയാൻ പരാഗ്, സന്ദീപ് ശർമ്മ, ട്രെന്റ് ബോൾട്ട്, ഒബേദ് മക്കോയ്, നവ്ദീപ് സൈനി, കുൽദീപ് സെൻ, കുൽദീപ് യാദവ്, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, കെസി കരിയപ്പ, ജേസൺ ഹോൾഡർ, ഡോണോവൻ ഫെരേര, കുനാൽ റാത്തോഡ്, ആദം സാംപ, കെഎം ആസിഫ്, മുരുകൻ അശ്വിൻ, ആകാശ് വസിഷ്ഠ്, അബ്ദുൾ പിഎ, ജോ റൂട്ട്.
രാജസ്ഥാന്‍ റോയല്‍സ് മത്സരക്രമം
ഏപ്രിൽ 2, ഞായർ: സൺറൈസേഴ്സ് ഹൈദരാബാദ് vs രാജസ്ഥാൻ റോയൽസ് (3:30 PM)
ഏപ്രിൽ 5, ബുധൻ: രാജസ്ഥാൻ റോയൽസ് vs പഞ്ചാബ് കിങ്‌സ് ( 7:30 PM)
ഏപ്രിൽ 8, ശനി: രാജസ്ഥാൻ റോയൽസ് vs ഡൽഹി ക്യാപിറ്റൽസ് ( 3:30 PM)
ഏപ്രിൽ 12, ബുധൻ: ചെന്നൈ സൂപ്പർ കിങ്‌സ് vs രാജസ്ഥാൻ റോയൽസ് ( 7:30 PM)
ഏപ്രിൽ 16, ഞായർ: ഗുജറാത്ത് ടൈറ്റൻസ് vs രാജസ്ഥാൻ റോയൽസ് ( 7:30 PM)
ഏപ്രിൽ 19, ബുധൻ: രാജസ്ഥാൻ റോയൽസ് vs ലഖ്നൗ സൂപ്പർ ജയന്റ്സ് ( 7:30 PM)
ഏപ്രിൽ 23, ഞായർ: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ vs രാജസ്ഥാൻ റോയൽസ് ( 3:30 PM)
ഏപ്രിൽ 27, വ്യാഴം: രാജസ്ഥാൻ റോയൽസ് vs ചെന്നൈ സൂപ്പർ കിങ്‌സ് ( 7:30 PM)
ഏപ്രിൽ 30, ഞായർ: മുംബൈ ഇന്ത്യൻസ് vs രാജസ്ഥാൻ റോയൽസ് ( 7:30 PM)
മെയ് 5, വെള്ളി: രാജസ്ഥാൻ റോയൽസ് vs ഗുജറാത്ത് ടൈറ്റൻസ് ( 7:30 PM)
മെയ് 7, ഞായർ: രാജസ്ഥാൻ റോയൽസ് vs സൺറൈസേഴ്സ് ഹൈദരാബാദ് ( 7:30 PM)
മെയ് 11, വ്യാഴം: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് vs രാജസ്ഥാൻ റോയൽസ് ( 7:30 PM)
മെയ് 14, ഞായർ: രാജസ്ഥാൻ റോയൽസ് vs റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ( 3:30 PM)
മെയ് 19, വെള്ളി: പഞ്ചാബ് കിങ്‌സ് vs രാജസ്ഥാൻ റോയൽസ് ( 7:30 PM)