പൂനെ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഡല്‍ഹി ക്യാപിറ്റല്‍സിനോടും രാജസ്ഥാന്‍ റോയല്‍സിനോടും തോറ്റ മുംബൈ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. തുടർതോൽവികൾ പതിവാണെങ്കിലും ഇത്തവണ മുംബൈയ്ക്ക് പരിഹരിക്കാന്‍ പ്രശ്‌നങ്ങളേറെയാണ്.
ഇഷാന്‍ കിഷനെയും തിലക് വര്‍മ്മയെയും മാറ്റിനിര്‍ത്തിയാല്‍ മുംബൈ ബാറ്റിങ്ങ് നിര പരാജയമാണ്. പരിക്കേറ്റ സൂര്യകുമാര്‍ യാദവിന്‍റെ അഭാവം നികത്തുന്ന തരത്തിലുള്ള പ്രകടനം ആരും തന്നെ കാഴ്‌ചവെക്കാത്തതും മുംബൈക്ക് തലവേദനയാണ്. പാണ്ഡ്യ സഹോദരങ്ങൾക്ക് പകരമായി കൊണ്ടുവന്ന ടിം ഡേവിഡും ഡാനിയൽ സാംസും രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി.
ബുംറ ഒഴികെയുള്ളവരെല്ലാം റൺസ് വിട്ട്കൊടുക്കുന്നതിൽ ഒരു പിശുക്കും കാണിക്കുന്നില്ല. രാജസ്ഥാനെതിരെ ഒരോവറിൽ 26 റൺസ് വഴങ്ങിയ ബേസില്‍ തമ്പിയെ ഇന്ന് കളിപ്പിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പില്ല.
ALSO READ: IPL 2022 | കാര്‍ത്തിക്കും ഷഹബാസും തകർത്താടി; റോയല്‍ പോരില്‍ ബാംഗ്ലൂരിന് ജയം
ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള കൊൽക്കത്ത മൂന്നില്‍ രണ്ടും ജയിച്ചെങ്കിലും ഓപ്പണർമാരായ അജിന്‍ക്യ രഹാനെയും വെങ്കടേഷ് അയ്യരും മികവിലെത്തിയിട്ടില്ല. ആന്ദ്രേ റസലിന്‍റെ വമ്പനടികളെ കൂടുതൽ ആശ്രയിക്കേണ്ടി വരുന്നു. ഓസീസ് പേസർ പാറ്റ് കമ്മിന്‍സ് തിരിച്ചെത്താൻ സാധ്യതയുണ്ട്.
ബൗളിങ്ങിൽ ഉമേഷ് യാദവിന്‍റെ വേഗവും ടിം സൗത്തിയും പരിചയസമ്പത്തും കരുത്താവും. ഇത്‌വരെ എട്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവ് വിക്കറ്റ് വേട്ടയിൽ ഒന്നാമതാണ്. നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈ ബഹുദൂരം മുന്നില്‍. 29 കളിയില്‍ 22ലും ജയം മുംബൈയ്ക്കാണ്. കൊല്‍ക്കത്ത ജയിച്ചത് ഏഴ് കളിയില്‍ മാത്രം.