ഓവല്‍: ഏകദിന ക്രിക്കറ്റില്‍ 250 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായി രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിലാണ് രോഹിത് നിര്‍ണായക നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ അഞ്ച് സിക്‌സുകളാണ് താരം പറത്തിയത്.
താരത്തിന്‍റെ 231ാം മത്സരമായിരുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയവരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് രോഹിത്. പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദി (351), വെസ്റ്റ്‌ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ (331), ശ്രീലങ്കയുടെ സനത് ജയസൂര്യ (270) എന്നിവരാണ് രോഹിത്തിന് മുന്നിലുള്ളത്.
ഏകദിനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരമെന്ന റെക്കോഡില്‍ മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ് രോഹിത്. നിലവില്‍ 126 സിക്‌സുകളാണ് രോഹിത്തിന്‍റെ പേരിലുള്ളത്. വെസ്റ്റ്‌ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ (93), ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോ (73) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അതേസമയം മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന്‍റെ ആവേശ ജയം നേടിയിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 111 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ഓപ്പണർമാരായ രോഹിത് ശര്‍മയും (58 പന്തില്‍ 76*) ശിഖര്‍ ധവാനുമാണ് ( 54 പന്തില്‍ 31*) ഇന്ത്യന്‍ ജയമുറപ്പിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യൻ പേസ് ആക്രമണത്തിനു മുന്നിൽ തകർന്നടിയുകയായിരുന്നു.
25.2 ഓവറിൽ 110 റൺസിനാണ് ഇംഗ്ലീഷ് ബാറ്റർമാർ തിരിച്ച് കയറിയത്. 30 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്‍ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറ 7.2 ഓവറില്‍ 19 റണ്ണിന് ആറ് വിക്കറ്റുകള്‍ നേടി. 7 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങിയ മുഹമ്മദ് ഷമി മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി.
also read: ഹൂഡയുടെ ഫോമും കോലിയുടെ ക്ലാസും... ടി20 ലോകകപ്പ് ടീമില്‍ ആരുണ്ടാകും?