മുംബൈ: ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പറാണെങ്കിലും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്‍റെ ഏകദിന ഗ്രാഫ് താഴേയ്‌ക്കാണ്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ട് ഏകദിനങ്ങളിലും ഗോള്‍ഡന്‍ ഡക്കായാണ് സൂര്യകുമാര്‍ യാദവ് പുറത്തായത്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഏതാണ് സമാനമായ രീതിയില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയായിരുന്നു സൂര്യകുമാര്‍ തിരിച്ച് കയറിയത്.
തന്‍റെ അവസാന 10 ഇന്നിങ്‌സുകളില്‍ ഒരിക്കല്‍ മാത്രമാണ് 32കാരനായ സൂര്യയ്‌ക്ക് രണ്ടക്കം തൊടാന്‍ കഴിഞ്ഞത്. ഇതോടെ സൂര്യകുമാറിനെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. ഇന്ത്യയുടെ മധ്യനിരയില്‍ മലയാളി താരം സഞ്‌ജു സാംസണെ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആരാധകര്‍ രംഗത്തെത്തുകയും ചെയ്‌തിരുന്നു.
എന്നാല്‍ സൂര്യയ്‌ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് മുന്‍ ബാറ്റര്‍ ആകാശ് ചോപ്ര. ഇന്ത്യയുടെ നാലാം നമ്പറില്‍ യോജിച്ച കളിക്കാരനാണ് സൂര്യയെന്ന് തോന്നുന്നെങ്കിൽ താരത്തെ മാനേജ്‌മെന്‍റ് പിന്തുണയ്ക്കണമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. "സൂര്യകുമാർ യാദവിനെ നാലാം നമ്പറിൽ നിലനിര്‍ത്തണോ, അതോ അഞ്ചാം നമ്പറിലേക്ക് മാറ്റണോയെന്നതാണ് ചോദ്യം. തല്‍ക്കാലം നാലാം നമ്പറില്‍ തന്നെ സൂര്യയ്ക്ക് പൂർണമായ പിന്തുണ നല്‍കണം. നിങ്ങൾ അദ്ദേഹത്തിന് രണ്ട് ഇന്നിങ്‌സുകള്‍ നല്‍കി. രണ്ട് തവണയും ഡക്കായാണ് പുറത്തായത്. കഴിഞ്ഞ 10 ഇന്നിങ്‌സുകളിലും താരത്തിന് കൂടുതല്‍ റൺസ് നേടാന്‍ കഴിഞ്ഞിട്ടില്ല. ഇത് വാസ്‌തവമാണ്". ആകാശ് ചോപ്ര പറഞ്ഞു.
ഏകദിന ലോകകപ്പ് പോലുള്ള ഒരു വലിയ ടൂർണമെന്‍റ് അടുത്തിരിക്കെ ടീമിലുണ്ടാവുന്ന മാറ്റങ്ങള്‍ കളിക്കാരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുമെന്നും ചോപ്ര പറഞ്ഞു. ഇക്കാരണത്താല്‍ തന്നെ സൂര്യയ്‌ക്ക് പിന്തുണ നല്‍കുകയാണ് വേണ്ടത്. തുടര്‍ന്നും താരത്തിന് പ്രതീക്ഷയ്‌ക്ക് ഒത്ത് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ മാറ്റിച്ചിന്തിക്കാമെന്നും ആകാശ് ചോപ്ര പറഞ്ഞു നിര്‍ത്തി.
ഇന്ത്യയ്‌ക്ക് ആശങ്ക: ഏകദിന ലോകകപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ ടീമിന്‍റെ മധ്യനിര ഇന്ത്യയെ സംബന്ധിച്ച് ആശങ്കയാണ്. സമീപകാലത്തായി ശ്രേയസ് അയ്യരായിരുന്നു മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്‌തന്‍. എന്നാല്‍ നടുവിന് പരിക്കേറ്റ താരം ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാവാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
ശസ്‌ത്രക്രിയ നടത്തുന്നതോടെ അഞ്ച് മാസത്തോളം 28കാരന് പുറത്തിരിക്കേണ്ടി വന്നേക്കും. ഇതോടെ ഐപിഎല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഏഷ്യ കപ്പ് എന്നിവ താരത്തിന് നഷ്‌ടമാവും. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നെ താരത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞാലും മതിയായ തയ്യാറെടുപ്പുകളില്ലാതെ താരത്തെ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. ശ്രേയസിന് പകരം കളിക്കുന്ന സൂര്യയ്‌ക്ക് തിളങ്ങാന്‍ കഴിയാത്തത് ടീമിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്.
ഇതിനിടെ ഫോര്‍മാറ്റില്‍ ലഭിച്ച കുറഞ്ഞ അവസരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്‌ജു സാംസണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണ്. 22 ഏകദിനങ്ങളിൽ നിന്ന് 25.47 ശരാശരിയിൽ 433 റൺസ് മാത്രമാണ് സൂര്യയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ 11 ഏകദിന മത്സരങ്ങളിൽ നിന്ന് 66.00 ശരാശരിയിൽ 330 റൺസാണ് സഞ്‌ജു സാംസണ്‍ അടിച്ച് കൂട്ടിയത്. വരും മത്സരങ്ങളില്‍ സഞ്‌ജുവിനെ ഇന്ത്യന്‍ മാനേജ്‌മെന്‍റ് പിന്തുണയ്‌ക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ALSO READ: 'ഇനിയും അതു ചെയ്‌താല്‍ ബാറ്റുകൊണ്ടടിക്കും'; സച്ചിന്‍റെ 'ഭീഷണി' ഓര്‍ത്തെടുത്ത് വിരേന്ദർ സെവാഗ്