ന്യൂഡല്‍ഹി: ഇന്ത്യയുടെ ടി20 ടീമില്‍ അവിഭാജ്യ ഘടകമല്ല വിരാട് കോലിയെന്ന് മുന്‍ ക്യാപ്റ്റന്‍ കപിൽ ദേവ്. ഫോമിലുള്ള കളിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ മതിയായ അവസരങ്ങൾ നൽകിയില്ലെങ്കിൽ മാനേജ്‌മെന്‍റിന്‍റെ പ്രവര്‍ത്തി അന്യായമാവും. ടെസ്റ്റില്‍ ലോക രണ്ടാം നമ്പര്‍ ബോളറായ അശ്വിനെപ്പോലെ ഒരു താരത്തെ മാറ്റി നിര്‍ത്താമെങ്കില്‍ ടി20യിൽ നിന്ന് കോലിയെ എന്തുകൊണ്ട് ഒഴിവാക്കിക്കൂടായെന്ന് കപിൽ ദേവ് ചോദിച്ചു.
"ടി20 ടീമിന്‍റെ പ്ലേയിങ് ഇലവനില്‍ നിന്നും കോലിയെ ബെഞ്ചിലിരുത്താൻ നിങ്ങൾ നിർബന്ധിതരായേക്കാവുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ലോക രണ്ടാം നമ്പർ ബൗളർ അശ്വിനെ ടെസ്റ്റിൽ നിന്ന് പുറത്താക്കിയാൽ ലോക ഒന്നാം നമ്പർ ബാറ്ററെയും പുറത്തിരുത്താം" കപില്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
കോലി തന്‍റെ പഴയ കാല ഫോമിന്‍റെ നിഴലില്‍ മാത്രമാണുള്ളതെന്നും കപില്‍ വ്യക്തമാക്കി. "വർഷങ്ങളായി നമ്മൾ കണ്ടിട്ടുള്ള വിരാടിന്‍റെ ബാറ്റിങ് പ്രകടനം നമുക്കിപ്പോള്‍ കാണാനാവുന്നില്ല. തന്‍റെ പ്രകടനങ്ങളിലൂടെയാണ് അദ്ദേഹം പേര് നേടിയത്, പക്ഷേ ഇപ്പോള്‍ കോലിക്ക് അതിന് കഴിയുന്നില്ലെങ്കില്‍, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന യുവ താരങ്ങളെ നിങ്ങൾക്ക് ടീമിൽ നിന്ന് പുറത്താക്കാൻ കഴിയില്ല." കപില്‍ പറഞ്ഞു.
ടീമിലെ സ്ഥാനത്തിനായി കളിക്കാര്‍ തമ്മില്‍ ആരോഗ്യപരമായ ഒരു മത്സരമുണ്ടാവേണ്ടതുണ്ട്. യുവതാരങ്ങള്‍ തങ്ങളുടെ പ്രകടനത്തിലൂടെ പോസിറ്റീവ് അർഥത്തിൽ വിരാടിനെ മറികടക്കാൻ ശ്രമിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും കപില്‍ പറഞ്ഞു.
അതേസമയം ജൂലൈയില്‍ വിന്‍ഡീസിന് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ നിന്നും വിരാട് കോലിയടക്കമുള്ള ചില മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതിനെ 'ഒഴിവാക്കിയതായി' വേണമെങ്കില്‍ കരുതാമെന്നും കപില്‍ നിരീക്ഷിച്ചു.
"നിങ്ങൾക്ക് ഇതിനെ വിശ്രമം എന്ന് വിളിക്കാം, മറ്റൊരാൾ അതിനെ ഒഴിവാക്കിയതായും പറയും. ഓരോ വ്യക്തിക്കും അവരുടേതായ കാഴ്ചപ്പാടുണ്ടാകും. വ്യക്തമായും, സെലക്ടർമാർ അദ്ദേഹത്തെ (കോലി) തിരഞ്ഞെടുത്തില്ലെങ്കിൽ, അത് മികച്ച പ്രകടനം നടത്താത്തതിനാലാകാം" കപില്‍ പറഞ്ഞു.
പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കേണ്ടത് നിലവിലെ ഫോമിന്‍റെ അടിസ്ഥാനത്തിലാണ്, അല്ലാതെ മുൻകാല പ്രശസ്തിയെ അടിസ്ഥാനമാക്കിയല്ലെന്നും കപില്‍ വ്യക്തമാക്കി. ഏകദേശം മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിന്‍റെ പിടിയിലാണ് വിരാട് കോലി. സമീപകാലത്തൊന്നും കാര്യമായ മികച്ച പ്രകടനം നടത്താന്‍ കോലിക്ക് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് ഇന്ത്യയുടെ ടി20 ടീമില്‍ താരത്തിന്‍റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നത്.
also read: 'വീട്ടിലേക്ക് മടങ്ങുന്നു; എല്ലാവർക്കും നന്ദി'; ഹൃദയഭേദകമായി സഞ്‌ജുവിന്‍റെ കുറിപ്പ്