മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് ബാറ്റിങ്. ടോസ് വിജയിച്ച ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു (England vs South Africa Toss Report). അഫ്‌ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് വില്ലി, ഗസ് അറ്റ്കിൻസൺ എന്നിവര്‍ പ്ലേയിങ് ഇലവനിലെത്തി. സ്ഥിരം നായകന്‍ ടെംബ ബാവുമയ്‌ക്ക് പകരം എയ്‌ഡന്‍ മാര്‍ക്രത്തിന് (Aiden Markram) കീഴിലാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്. അസുഖത്തെ തുടര്‍ന്നാണ് ബാവുമ പുറത്തയത്. താരത്തിന് പകരം റീസ ഹെൻഡ്രിക്സ് പ്ലേയിങ് ഇലനിലെത്തി.
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ക്വിന്‍റൺ ഡി കോക്ക് (ഡബ്ല്യു), റീസ ഹെൻഡ്രിക്സ്, റാസി വാൻ ഡെർ ഡസ്സെൻ, എയ്ഡൻ മാർക്രം (സി), ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, ജെറാൾഡ് കോറ്റ്സി, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ(ഡബ്ല്യു/സി), ഡേവിഡ് വില്ലി, ആദിൽ റഷീദ്, ഗസ് അറ്റ്കിൻസൺ, മാർക്ക് വുഡ്, റീസ് ടോപ്ലി
ലോകകപ്പിലെ ഇരുപതാമത്തെ മത്സരമണിത്. വാങ്കഡെ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ഈ ലോകകപ്പില്‍ വാങ്കഡെയില്‍ നടക്കുന്ന ആദ്യ മത്സരമാണിത്.
ടൂര്‍ണമെന്‍റില്‍ തങ്ങളുടെ നാലാമത്തെ മത്സരത്തിനാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഇറങ്ങുന്നത്. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയങ്ങളുള്ള ദക്ഷിണാഫ്രിക്ക നിലവിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാമതാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ ശ്രീലങ്കയേയും ഓസ്‌ട്രേലിയയേയും വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച പ്രോട്ടീസിന് നെതര്‍ലന്‍ഡ്‌സിന് മുന്നിലാണ് അടി പതറിയത്.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനാവട്ടെ കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരൊറ്റ വിജയം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ജോസ് ബട്‌ലറും സംഘവും രണ്ടാമത്തെ കളിയില്‍ ബംഗ്ലാദേശിനെ കീഴടക്കിയിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനോട് തോറ്റു.
ഇതോടെ വിജയ വഴിയില്‍ തിരിച്ചെത്താനാവും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വാങ്കഡെയില്‍ ലക്ഷ്യം വയ്‌ക്കുന്നത്. ലോകകപ്പ് വേദിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നേരിയ മേല്‍ക്കൈ ഇംഗ്ലണ്ടിനുണ്ട്. ഇതുവരെ ഏഴ് മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ മൂന്നെണ്ണം പ്രോട്ടീസിനൊപ്പം നിന്നപ്പോള്‍ നാല് മത്സരങ്ങളില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു.
ലൈവായി മത്സരം കാണാന്‍: ഏകദിന ലോകകപ്പിലെ ഇംഗ്ലണ്ട് vs ദക്ഷിണാഫ്രിക്ക മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഈ മത്സരം ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാണ് (Where to watch England vs South Africa Cricket World Cup 2023 match).