ഫ്ലോറിഡ: വിന്‍ഡീസ് പരമ്പരയില്‍ വ്യത്യസ്‌ത സാഹചര്യങ്ങളില്‍ കളിച്ചത് ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ കരീബിയന്‍ സാഹചര്യങ്ങളില്‍ കളിച്ച ഇന്ത്യ അവസന രണ്ട് മത്സരങ്ങള്‍ ഫ്ലോറിഡയിലാണ് കളിച്ചത്. ഫാസ്‌റ്റ് ബോളര്‍മാരെ തുണയ്‌ക്കുന്ന പിച്ചില്‍ രണ്ട് മത്സരങ്ങളും, ശക്തമായ കാറ്റുണ്ടായിരുന്ന സെന്‍റ് കീറ്റ്‌സില്‍ ഒരു മത്സരവുമാണ് ഇന്ത്യ കളിച്ചത്.
ഓസ്‌ട്രേലിയയിലെ സിഡ്‌നി, അഡ്‌ലെയ്‌ഡ്, മെല്‍ബണ്‍ എന്നീ മൈതാനങ്ങളെ താരതമ്യപ്പെടുത്തിയായിരുന്നു കാര്‍ത്തിക്കിന്‍റെ പ്രതികരണം. വ്യത്യസ്‌ത ഗ്രൗണ്ടുകളില്‍ കളിക്കുന്നതിനാല്‍ നേരിടുന്ന വെല്ലുവിളിയും വ്യത്യസ്‌തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിന്‍ഡീസിനെതിരായ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും വിവിധ സാഹചര്യങ്ങളിലാണ് കളിക്കേണ്ടി വന്നത്.
സാഹചര്യങ്ങള്‍ മനസിലാക്കി അതിവേഗം അതിനോട് പൊരുത്തപ്പെടണമെന്ന് പരമ്പരയ്‌ക്ക് മുന്നോടിയായി തന്നെ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും, കോച്ച് രാഹുല്‍ ദ്രാവിഡും താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പരമ്പരയില്‍ താരങ്ങള്‍ക്ക് ഇത് നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് കരുതുന്നതെന്നും കാര്‍ത്തിക് പറഞ്ഞു. സ്ഥിരത പുലര്‍ത്താന്‍ ഏറ്റവും പ്രയാസകരമായ പൊസിഷനിലാണ് താന്‍ ഇപ്പോള്‍ കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടീമിലെ താരങ്ങള്‍ക്ക് നിര്‍ണായക ഘട്ടങ്ങളില്‍ അവസരം നല്‍കുന്ന ക്യാപ്‌റ്റനെയും, കോച്ചിനെയും കാര്‍ത്തിക് പ്രശംസിച്ചു. നിലവിലെ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒന്നിലധികം ടീമുകളെ തയ്യാറാക്കാനുള്ള കളിക്കാര്‍ ഇന്ത്യയ്‌ക്കുണ്ട്. അതില്‍ നിന്നും ലോകകപ്പ് പോലൊരു ടൂര്‍ണമെന്‍റില്‍ രാജ്യത്തിനായി കളിക്കാന്‍ സാധിക്കുന്നത് അഭിമാനമായിരിക്കുമെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.