മുംബൈ: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്‍റെ മത്സരക്രമങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡെന്ന് ബിസിസിഐ. ബിസിസിഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഡ്രാഫ്‌റ്റ് ഷെഡ്യൂളില്‍ പാകിസ്ഥാന്‍ വൈകി മാറ്റങ്ങള്‍ ആവശ്യപ്പെട്ടതാണ് മത്സരക്രമം പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കുന്നതെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.
"പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് അവർക്കിഷ്ടമുള്ളതെന്തും പറയാം. ഷെഡ്യൂൾ പ്രഖ്യാപിക്കാൻ വൈകിയതിന് ഉത്തരവാദി പിസിബിയാണെന്നതാണ് വസ്തുത. ആദ്യം, അഹമ്മദാബാദിൽ കളിക്കാൻ അവര്‍ തയ്യാറായില്ല. ഇപ്പോൾ അവർ ചെന്നൈയിലും ബെംഗളൂരുവിലും തീരുമാനിച്ചിരിക്കുന്ന മത്സരങ്ങള്‍ മാറ്റണമെന്ന് പറയുന്നു" ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബിസിസിഐ സമർപ്പിച്ച മത്സരക്രമങ്ങളുടെ ഡ്രാഫ്‌റ്റ് ഷെഡ്യൂള്‍ നേരത്തെ തന്നെ അംഗരാജ്യങ്ങള്‍ക്ക് ഫീഡ് ബാക്കിനായി ഐസിസി അയച്ച് നല്‍കിയിരുന്നു. വേദികളും മത്സരക്രമവും സംബന്ധിച്ച് മറ്റ് രാജ്യങ്ങളൊന്നും എതിർപ്പ് അറിയിച്ചിട്ടില്ല. എന്നാല്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അവരുടെ ആവശ്യാനുസരണം ഇതില്‍ മാറ്റങ്ങൾ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു.
കഴിഞ്ഞ ആഴ്‌ചയായിരുന്നു ഡ്രാഫ്‌റ്റ് ഷെഡ്യൂള്‍ ഐസിസി അംഗ രാജ്യങ്ങള്‍ക്ക് അയച്ചത്. സുരക്ഷ പ്രശ്‌നങ്ങളാല്‍ നോക്കൗട്ട് ഘട്ടത്തില്‍ അല്ലാതെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പുറമെ അഫ്ഗാനിസ്ഥാനെതിരെ ചെന്നൈയിലും ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ബെംഗളൂരുവിലും കളിക്കുന്നതിനാണ് പാകിസ്ഥാന്‍ വിസമ്മതം അറിയിച്ചിരിക്കുന്നത്.
പരമ്പരാഗതമായി സ്‌പിന്നിനെ പിന്തുണയ്‌ക്കുന്ന ചെന്നൈയിലെ ചെപ്പോക്കിലെ പിച്ചില്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നർമാരായ റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുജീബ് ഉർ റഹ്മാൻ എന്നിവരെ നേരിടുന്നത് ആത്മഹത്യാപരമാണ്. ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന ബെംഗളൂരുവിലെ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ ഓസീസിനെതിരെ കളിക്കുന്നത് കനത്ത വെല്ലുവിളിയാവുമെന്നുമാണ് പാകിസ്ഥാന്‍ വിലയിരുത്തുന്നത്.
ഇതോടെ അഫ്‌ഗാനിസ്ഥാനും ഓസ്‌ട്രേലിയക്കും എതിരായ കളികളുടെ വേദികള്‍ പരസ്പരം മാറ്റണമെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ടീമിന്‍റെ കരുത്തിന് അനുസരിച്ചുള്ള വേദികള്‍ക്ക് മാത്രം അംഗീകാരം നല്‍കിയാല്‍ മതിയെന്ന് മാനേജ്‌മെന്‍റിന് സെലക്‌ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേദികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ബോർഡിന്‍റെ ഡാറ്റ, അനലിറ്റിക്സ്, ടീം സ്ട്രാറ്റജി വിദഗ്ധർക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരുടെ നിര്‍ദേശ പ്രകാരമാണ് പാക് ടീം വേദിമാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം.
എന്നാൽ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം ബിസിസിഐ തള്ളിക്കളഞ്ഞതോടെ നിലവില്‍ ഐസിസിയുടെ മധ്യസ്ഥതയിൽ ചർച്ച നടക്കുകയാണെന്നാണ് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ തന്നെ ലോകകപ്പിന്‍റെ മത്സരക്രമവും ഔദ്യോഗികമായി പ്രഖ്യാപിക്കാനായിരുന്നു ഐസിസി നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ കഴിഞ്ഞ് ഒരാഴ്‌ച പിന്നിട്ടിട്ടും ഐസിസിക്ക് അതിന് കഴിഞ്ഞിട്ടില്ല. നിലവില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അടുത്ത ആഴ്‌ചയോടെയെങ്കിലും മത്സര ക്രമം പ്രഖ്യാപിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഐസിസി.
ഡ്രാഫ്റ്റ് ഷെഡ്യൂൾ പ്രകാരം ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണ് ഉദ്‌ഘാടന മത്സരം കളിക്കുക. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. നവംബർ 19-ന് ഇതേ വേദിയില്‍ തന്നെയാണ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലും അരങ്ങേറുക. ഡ്രാഫ്‌റ്റ് ഷെഡ്യൂള്‍ പ്രകാരം ഒക്‌ടോബർ 15-ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം നടക്കേണ്ടത്.
ALSO READ: 'ഇന്ത്യന്‍ ടീമില്‍ സുഹൃത്തുക്കളില്ല, എല്ലാവരും സഹപ്രവര്‍ത്തകര്‍ മാത്രം' ; തുറന്നടിച്ച് ആര്‍ അശ്വിന്‍