കറാച്ചി : ഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. തങ്ങളുടെ മുൻനിര പേസര്‍മാരില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. പരിക്കിനെ തുടര്‍ന്ന് ഇന്ത്യയ്‌ക്ക് സ്റ്റാര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയെയും ഹർഷൽ പട്ടേലിനെയും നഷ്‌ടമായപ്പോള്‍, അപകടകാരിയായ ഷഹീൻ ഷാ അഫ്രീദിയെയാണ് പാകിസ്ഥാന് പുറത്തിരുത്തേണ്ടിവന്നത്.
ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ബോളിങ് നിര മോശമാണെന്നാണ് പാകിസ്ഥാൻ മുൻ പേസര്‍ സർഫറാസ് നവാസ് കരുതുന്നത്. പാക് ടീം അതുമുതലെടുത്ത് മത്സരം ജയിക്കണമെന്നും സർഫറാസ് നവാസ് പറഞ്ഞു. ക്രിക്കറ്റ് പാക്കിസ്ഥാനുമായുള്ള സംഭാഷണത്തിനിടെയാണ് നവാസിന്‍റെ പ്രതികരണം.
"മത്സരങ്ങൾ ജയിക്കുന്നതില്‍ ബോളര്‍മാര്‍ നിര്‍ണായകമാവും. നല്ല ബോളര്‍മാരുണ്ടെങ്കില്‍ നിങ്ങൾക്ക് മത്സരങ്ങൾ ജയിക്കാനാവും. ബാറ്റർമാർക്ക് മത്സരങ്ങൾ ജയിപ്പിക്കാനാവില്ല. ഇന്ത്യ പൂർണ ശക്തിയിലല്ല, അതുകൊണ്ടാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുക മാത്രമല്ല ഏഷ്യയിലെ ചാമ്പ്യന്മാരാകണമെന്നും ഞാൻ കരുതുന്നു"- സർഫറാസ് നവാസ് പറഞ്ഞു.
also read: 'അവന്‍ അപകടകാരി, പാകിസ്ഥാനെ മുറിവേല്‍പ്പിക്കാന്‍ കഴിയും'; ഇന്ത്യന്‍ താരത്തെ കുറിച്ച് വസീം അക്രം
ഓഗസ്റ്റ് 27ന് യുഎഇയിലാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്. 28ന് ദുബായിലാണ് ഇന്ത്യ-പാക് മത്സരം നടക്കുക. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേരെത്തുന്നത്. ടൂര്‍ണമെന്‍റിനായി ഇന്ത്യന്‍ ടീം ദുബായിലെത്തിയിട്ടുണ്ട്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ടീമിന് നേതൃത്വം നല്‍കുന്നത്. കൊവിഡ് ബാധിതനായ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് ടീമിനൊപ്പം യാത്ര ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.