ദുബായ്: 2021-22 സീസണിലെ ടെസ്റ്റ്, ഏകദിന, ടി20 റാങ്കിങ് പുറത്തുവിട്ട് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിൽ. ടി20 റാങ്കിങ്ങിൽ 270 പോയിന്‍റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. രോഹിത് ശർമ്മ നായകനായതിന് ശേഷം തോൽവിയറിയാതെ മുന്നേറിയതാണ് റാങ്കിങ്ങിൽ ഇന്ത്യയ്‌ക്ക് നേട്ടം ഉണ്ടാക്കിയത്. 265 പോയിന്‍റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 261 പോയിന്‍റുമായി പാകിസ്ഥാൻ മൂന്നാം സ്ഥാനത്തും തുടരുന്നു.
ഏകദിന റാങ്കിങ്ങിൽ 125 പോയിന്‍റുമായി ന്യൂസിലാൻഡാണ് ഒന്നാം സ്ഥാനത്ത്. 124 പോയിന്‍റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 107 പോയിന്‍റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും തുടരുന്നു. 105 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. 102 പോയിന്‍റുമായി പാകിസ്ഥാനാണ് ഇന്ത്യക്ക് താഴെ അഞ്ചാം സ്ഥാനത്ത്.
ടെസ്റ്റ് റാങ്കിങ്ങിൽ 128 പോയിന്‍റുമായി ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 119 പോയിന്‍റുള്ള ഇന്ത്യ രണ്ടാം സ്ഥാത്ത് തുടരുന്നു. 111 പോയിന്‍റുമായി ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്തും, 110 പോയിന്‍റുമായി സൗത്ത് ആഫ്രിക്ക നാലാം സ്ഥാനത്തും തുടരുന്നു. 93 പോയിന്‍റുമായി പാകിസ്ഥാനാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്.