ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെ തമിഴ് ചലച്ചിത്ര താരം വിജയ് സേതുപതി. കശ്മീര്‍ ജനതയുടെ അഭിപ്രായം കേള്‍ക്കാതെ ഇത്തരം ഒരു നീക്കം നടത്തിയത് ശരിയായില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. റേഡിയോ ചാനലായ എസ്ബിഎസ് തമിഴ് ഓസ്‌ട്രേലിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്. 'ഇത് ജനാധിപത്യത്തിന് എതിരാണ്. കശ്മീരിലെ ജനത തന്നെയാണ് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ഇ വി രാമസ്വാമി മുമ്പ് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ വീട്ടിലെ കാര്യങ്ങളില്‍ എനിക്ക് ഇടപെടാനാകുമോ? നിങ്ങളാണ് അവിടെ താമസിക്കുന്നത്. എനിക്ക് നിങ്ങളെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കാം. എന്നാല്‍ എന്‍റെ തീരുമാനം നിങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാവില്ല. ഇത് രണ്ടും വ്യത്യസ്തമാണ്- വിജയ് സേതുപതി പറഞ്ഞു.
കശ്മീരിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വായിച്ചപ്പോള്‍ വലിയ വേദനയാണ് ഉണ്ടായതെന്നും പുറത്തുള്ളവര്‍ക്ക് അവരെക്കുറിച്ച് ആശങ്കപ്പെടാമെങ്കിലും അവരുടെ കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്താനാകില്ലെന്നും സേതുപതി പറഞ്ഞു. കഴിഞ്ഞ ദിവസം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും അഭിനന്ദിച്ച് നടന്‍ രജനീകാന്ത് രംഗത്ത് എത്തിയതിന് പിന്നാലെയാണ് വിജയ് സേതുപതി ഇതിനെതിരേ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.