പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും പ്രധാനവേഷങ്ങളിലെത്തിയ ഡ്രൈവിങ് ലൈസന്‍സിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ചിത്രത്തിലെ കഥാപാത്രമായി പൃഥ്വിരാജിന് പകരം നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് സച്ചി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി തിരക്കഥ നിരസിച്ചതിനെ കുറിച്ച് സച്ചി മനസുതുറന്നത്.
'അഞ്ച് വര്‍ഷം മുമ്പ് മമ്മൂക്കയെ കഥ പറഞ്ഞ് കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം വേണ്ടെന്ന് വെക്കുകയായിരുന്നു. സത്യത്തില്‍ ആ കഥയുമായി അദ്ദേഹത്തെ പോയി കണ്ട എന്നെ തല്ലണം... കാരണം മമ്മൂക്കയെ പോലെ ഒരാള്‍ ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി നടക്കുന്നുവെന്ന് പറഞ്ഞാല്‍ ആരു വിശ്വസിക്കും...? ആ കഥാപാത്രത്തെ എന്നെക്കാള്‍ നന്നായി മനസിലാക്കിയത് അദ്ദേഹമാകും. ആ തീരുമാനം തന്നെയാണ് ശരി...' സച്ചി പറഞ്ഞു.
സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിട്ടത്. സൂപ്പര്‍ താരത്തിന്‍റെ കടുത്ത ഒരു ആരാധകനും എന്നാല്‍ കര്‍ക്കശക്കാരനായ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായി സുരാജ് വെഞ്ഞാറമൂടും തകര്‍ത്തു. ചിത്രത്തിനും അഭിനേതാക്കള്‍ക്കും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. മിയ ജോര്‍ജും ദീപ്തി സതിയുമായിരുന്നു ചിത്രത്തിലെ നായികമാര്‍.