കുഞ്ചാക്കോ ബോബന്‍-ശാലിനി താരജോഡികള്‍ ഒന്നിച്ചെത്തിയ കമല്‍ ചിത്രം 'നിറം' കാണാത്ത മലയാളികള്‍ ഉണ്ടാകില്ല. കൗമാര മനസ്സുകളില്‍ പ്രണയം നിറച്ച ആ പ്രണയ ചിത്രം വീണ്ടും റിലീസിനൊരുങ്ങുകയാണ്. കുഞ്ചാക്കോ ബോബന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്യുക. യുവഹൃദയങ്ങളുടെ ആരാധനാപാത്രമാക്കി കുഞ്ചാക്കോ ബോബനെ മാറ്റിയ ചിത്രം കൂടിയാണ് നിറം. നിറത്തിലെ എബി എന്ന കഥാപാത്രത്തിലൂടെ മലയാളത്തിന്‍റെ എക്കാലത്തെയും റൊമാന്‍റിക് ഹീറോയായി കുഞ്ചാക്കോ ബോബന്‍ മാറി.
സൗഹൃദവും പ്രണയവും എല്ലാം ഒത്തുചേര്‍ന്ന 1999 ല്‍ പുറത്തിറങ്ങിയ ചിത്രം എട്ടുകോടിയാണ് ബോക്സ് ഓഫീസില്‍ നേടിയത്. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത് കുഞ്ചാക്കോ ബോബന്‍റെ ജന്മദിനത്തിനാഘോഷത്തിന്‍റെ ഭാഗമായാണ്. ആലപ്പുഴ റൈബാന്‍ തിയറ്ററില്‍ ഒക്ടോബര്‍ ഇരുപത്തിയേഴിന് രാവിലെ 7.30 നുള്ള ഷോയിലാണ് സിനിമയുടെ റീ റിലീസ്. ജന്മദിനാഘോഷത്തോടൊപ്പം ഒരു കാന്‍സര്‍ രോഗിയുടെ ചികിത്സ സഹായം കണ്ടെത്തുന്നതിന് വേണ്ടി കൂടിയാണ് ഷോ നടത്തുന്നത്.
ജോമോള്‍, ദേവന്‍, ലാലു അലക്‌സ്, ബോബന്‍ ആലുമ്മൂടന്‍, അംബിക, ബിന്ദു പണിക്കര്‍, കെപിഎസി ലളിത, കോവൈ സരള, ബാബു സ്വാമി എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ക്യാമ്പസുകളില്‍ തരംഗം സൃഷ്ടിച്ച സിനിമയിലെ പാട്ടുകളും സൂപ്പര്‍ഹിറ്റായിരുന്നു.