എറണാകുളം: ജോജു ജോർജ് നായകനാവുന്ന 'പീസ്' സിനിമയുടെ ചിത്രീകരണം ഇന്ന് തൊടുപുഴയിൽ ആരംഭിച്ചു. സ്ക്രിപ്റ്റ് ഡോക്റ്റർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിർമിക്കുന്ന പുതിയ ചിത്രം നവാഗതനായ സൻഫീർ കെ.യാണ് സംവിധാനം ചെയ്യുന്നത്. സിനിമയിൽ സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്, ലെന, അതിഥി രവി എന്നിവരാണ് പ്രധാന താരങ്ങൾ. സഫർ സനൽ, രമേശ് ഗിരിജ എന്നിവരാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിൽ ഷമീർ ജിബ്രാനാണ് ഛായാഗ്രഹകൻ. ജുബൈർ മുഹമ്മദ് പീസിന്‍റെ സംഗീതമൊരുക്കുന്നു.
പീസിനെ കൂടാതെ, തമിഴിലും മലയാളത്തിലും ജോജു ജോർജിന്‍റെ പുതിയ സിനിമകൾ ഒരുങ്ങുന്നുണ്ട്. കാർത്തിക് സുബ്ബരാജിന്‍റെ 'ജഗമേ തന്തിരം', മമ്മൂട്ടി ചിത്രം 'വൺ', രാജീവ് രവിയുടെ 'തുറമുഖം', മഹേഷ് നാരായണന്‍റെ 'മാലിക്', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' ചിത്രങ്ങളിൽ താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡൊമിൻ ഡി. സിൽവയുടെ 'സ്റ്റാർ', അഖിൽ മാരാർ സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം', മാർട്ടിൻ പ്രകാർട്ടിന്‍റെ 'നായാട്ട്', സുരേഷ് ഗോപിയുടെ 250-ാം ചിത്രം 'ഒറ്റക്കൊമ്പൻ' തുടങ്ങിയവയാണ് ജോജുവിന്‍റെ റിലീസിന് ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.