തമിഴ് നടന്‍ വിശാലിന്‍റെ ജന്മദിനമായിരുന്നു ഇന്നലെ. പിറന്നാൾ ദിനത്തിൽ ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് ആശംസകൾ നേർന്നത്. എന്നാല്‍ ആശംസകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് വിശാലിന്‍റെ ഭാവി വധു അനിഷയുടെ ജന്മദിനാശംസ. അനിഷ റെഡ്ഡി തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിശാലിന് ആശംസകള്‍ അറിയിച്ചത്.
‘പിറന്നാള്‍ ആശംസകള്‍...… തിളങ്ങാനായി ജനിച്ചവനാണ് നിങ്ങള്‍… നിങ്ങളിലെ സ്‌നേഹവും സൗന്ദര്യവും ഞാന്‍ എന്നും മനസില്‍ സൂക്ഷിക്കും. മുന്നോട്ടും നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നും സ്‌നേഹം…’ വിശാലുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അനിഷ ഇങ്ങനെ കുറിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹം വേണ്ടെന്ന് വച്ചെന്ന തരത്തിൽ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് അനിഷയുടെ ആശംസ എന്നതാണ് ശ്രദ്ധേയം.
ഇക്കഴിഞ്ഞ മാര്‍ച്ച് പതിനാറിനായിരുന്നു വിശാലും അനിഷയും തമ്മിലുള്ള വിവാഹ നിശ്ചയം. ഒക്ടോബറില്‍ വിവാഹം നടക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മില്‍ പിരിഞ്ഞുവെന്നാണ് സൂചന. അനിഷ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് വിശാലുമായുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തതാണ് ഗോസിപ്പുകള്‍ക്ക് കാരണമായത്. സിനിമാ സെറ്റില്‍ വച്ച് കണ്ട് മുട്ടിയ അനിഷയും വിശാലും തമ്മില്‍ നല്ല സുഹൃത്തുക്കളാകുകയും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. അനിഷയുടെ ജന്മദിനാശംസ ഇരുവരും പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകളെ തള്ളിക്കളയുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്.