ബോളിവുഡ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്‍വീര്‍ സിംഗ് സിനിമ '83'യുടെ റിലീസിങ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 2020 ക്രിസ്‌മസിനോടനുബന്ധിച്ച് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1983ലെ ഇന്ത്യയുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പ് വിജയമാണ് '83'യിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്‍റെ വേഷമാണ് രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ പൂര്‍ണതക്ക് വേണ്ടി കഠിന പ്രയത്‌നമാണ് താരം എടുത്തിരിക്കുന്നത്. കബീര്‍ ഖാനാണ് '83' സംവിധാനം ചെയ്‌തിരിക്കുന്നത്. റിലയന്‍സ് എന്‍റര്‍ടെയിൻമെന്‍റ്‌സിന്‍റെ നിര്‍മാണത്തിലൊരുങ്ങുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് പ്രദര്‍ശനത്തിന് എത്തുന്നത്. രൺവീറിനൊപ്പം ദീപിക പദുകോണ്‍, തമിഴ് നടന്‍ ജീവ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്.
മാസങ്ങളായി പൂട്ടികിടക്കുകയായിരുന്ന തിയേറ്ററുകള്‍ തുറക്കാനുള്ള അനുമതി അണ്‍ലോക്ക് അഞ്ചാംഘട്ടത്തിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഒക്ടോബര്‍ 15 മുതലാണ് തിയേറ്ററുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വീണ്ടും പ്രദര്‍ശനം നടത്താന്‍ പോകുന്നത്. പല സിനിമകളും കൊവിഡ് പ്രതിസന്ധി മൂലം റിലീസ് നീളുന്നതിനാല്‍ പെട്ടിയിലിരിക്കുകയാണ്.