രാജ്യത്ത് പീഡനത്തിരയാകുന്ന ഇരകളുടെ പേരിൽ സ്‌മാരകം നിർമിക്കണമെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. സമൂഹത്തിന്‍റെ ചിന്താഗതി മാറ്റുവാൻ അക്രമത്തിനിരയാകുന്ന പെൺകുട്ടികളുടെ പേരിൽ സ്‌മാരകം പണിയണമെന്നാണ് കങ്കണ അഭിപ്രായപ്പെടുന്നത്. സ്‌ത്രീകളെ പീഡിപ്പിക്കുന്നവരെയും ആസിഡ് ആക്രമണം പോലുള്ള ക്രൂരകൃത്യങ്ങൾ ചെയ്യുന്ന ആളുകളെയും സമൂഹം ഒരിക്കലും അംഗീകരിക്കില്ലെന്നത് ഇതുവഴി അവർക്ക് ബോധ്യമാകണമെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്‌ച നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ വളരെ പുരാതനമാണെന്നും ഇവിടെ രാജ്യം കണ്ട ഏറ്റവും നീചമായ പ്രവൃത്തിക്കെതിരെ ശിക്ഷ നടപ്പിലാക്കാൻ ഏഴു വർഷം കാത്തിരിക്കേണ്ടി വന്നുവെന്നും കങ്കണ പറഞ്ഞു. നിർഭയയുടെ അമ്മയുടെ പേര് സൂചിപ്പിക്കുന്നത് പോലെ 'ആശ'യോടെ അവർ മകൾക്കായി പൊരുതി. എന്നാൽ, നീതി വൈകിപ്പിച്ചത് വഴി ആശാദേവിയെയും കുടുംബത്തെയും പരോക്ഷമായി ദ്രോഹിക്കുകയായിരുന്നെന്നും ക്വീൻ ഫെയിം കൂട്ടിച്ചേർത്തു. ഡൽഹി കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയ്‌ക്ക് വേണ്ടി രാജ്യം മെഴുകുതിരി വെളിച്ചമൊരുക്കി പ്രാർഥന നടത്തിയപ്പോൾ കങ്കണ റണാവത്തും അതിൽ പങ്കെടുത്തിരുന്നു.