വീട്ടിലിരുന്നാലും ഭംഗിയായി പണിയെടുക്കാം എന്ന് കൂടി വ്യക്തമാക്കുകയാണ് ബിഗ് ബിയും കൂട്ടരും. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ദിവസവേതന തൊഴിലാളികൾക്ക് വേണ്ടിയുള്ള ഉദ്യമത്തോടൊപ്പം ഇന്ത്യൻ സിനിമ ഒറ്റക്കെട്ടാണ് എന്നതും 'ഫാമിലി' ഹ്രസ്വ ചിത്രത്തിലൂടെ സൂചിപ്പിക്കുന്നു. അമിതാഭ് ബച്ചന്‍റെ കണ്ണട തിരയുന്ന ബോളിവുഡിനൊപ്പം മലയാളത്തിന്‍റെ മമ്മൂക്കയും ലാലേട്ടനും തമിഴകത്തിൽ നിന്നും തലൈവരും തെലുങ്ക് നടൻ ചിരഞ്ജീവിയും പഞ്ചാബി താരം ദിൽജിതുമൊക്കെ പങ്കാളിയാകുന്നു. ബ്ലാക്ക് ആന്‍റ് വൈറ്റിൽ ഒരുക്കിയ ചിത്രത്തിൽ സ്വന്തം വീട്ടിനുള്ളിൽ നിന്ന് തന്നെയാണ് താരങ്ങൾ ചിത്രീകരണം നടത്തിയിരിക്കുന്നത്. കൂടാതെ, എല്ലാവരും അവരവരുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, സോണാലി കുൽകർണി, ശിവ് രാജ്‌കുമാർ, പ്രസേൻജിത് ചാറ്റർജി, ദിൽജിത് തുടങ്ങി ഇന്ത്യയിലെ നാനഭാഗത്ത് നിന്നുള്ള സൂപ്പർതാരങ്ങളാണ് ഫാമിലിക്കു വേണ്ടി ഒത്തുചേരുന്നത്.
- " class="align-text-top noRightClick twitterSection" data="">
നർമവും പരിഭവങ്ങളും തലൈവയുടെ സ്റ്റൈലും കലർത്തിയാണ് ലഘു ചിത്രത്തിന്‍റെ അവതരണം. കല്യാൺ ജുവലേഴ്‌സും സോണി പിക്ച്ചേഴ്‌സും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം പ്രസൂൺ പാണ്ടെയാണ്. ഒരു വീട്ടിൽ തന്നെ നടക്കുന്ന രീതിയിൽ, എന്നാൽ അവരവരുടെ വീടുകളിൽ നിന്നുമാണ് തങ്ങളുടെ ഭാഗവുമായി താരങ്ങൾ എത്തിയിരിക്കുന്നത്. മറ്റു മേഖലകളിലെന്ന പോലെ ലോക് ഡൗണിൽ രാജ്യത്ത് തൊഴിൽ നഷ്ടമായി വീട്ടിലിരിക്കുന്ന സിനിമാ മേലയിലേ ഒരുലക്ഷത്തോളം വരുന്ന ദിവസവേതന തൊഴിലാളികളെ സഹായിക്കാനാണ് ചിത്രത്തിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിക്കുക. ഇന്ത്യൻ ചലച്ചിത്ര മേഖല ഒന്നാണ് എന്ന സന്ദേശവും അമിതാഭ് ബച്ചൻ ചിത്രത്തിനവസാനം വ്യക്തമാക്കുന്നുണ്ട്. ഒപ്പം വീട്ടിൽ സുരക്ഷിതരായി തുടരാനും ബച്ചൻ പ്രേക്ഷകരോട് ആവശ്യപ്പെടുന്നു. ലഘുചിത്രത്തിന്‍റെ സ്പോൺസർമാരിലൂടെയും ടിവി, സമൂഹമാധ്യമങ്ങൾ തുടങ്ങിയവയിൽ ചിത്രം പ്രദർശിപ്പിക്കുന്നതിലൂടെയുമാണ് വരുമാനം സമാഹരിക്കാൻ നിർമാതാക്കൾ ലക്ഷ്യം വക്കുന്നത്.