ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ എസ്എൻഡിപി മാവേലിക്കര മുൻ യൂണിയൻ പ്രസിഡന്‍റ് സുഭാഷ് വാസുവിന്‍റെ വീട്ടിൽ റെയ്‌ഡ്. യൂണിയൻ പ്രസിഡന്‍റായിരിക്കെ 12.5 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് സുഭാഷ് വാസുവിന്‍റെ നേതൃത്വത്തിൽ നടത്തിയെന്നാണ് കേസ്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിൽ സുഭാഷ് വാസുവിന്‍റെയും കൂട്ടാളി സുരേഷ് ബാബുവിന്‍റെയും വീടുകളിലാണ് റെയ്‌ഡ് നടക്കുന്നത്.
പല തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടും സുഭാഷ് വാസു ഹാജരായില്ല. സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് മുൻകൂർ നോട്ടീസ് നൽകിയ ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോകാവൂ എന്ന് ഹൈക്കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചിരുന്നു.
ഇതിന് ശേഷം രണ്ട് തവണ ഹാജരാവാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടും സുഭാഷ് വാസു ഹാജരാക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് റെയ്‌ഡ് നടത്താൻ അന്വേഷണ സംഘം മാവേലിക്കര കോടതിയുടെ അനുമതി തേടിയത്. സുഭാഷ് വാസുവിന്‍റെ അടുത്ത ബന്ധുക്കളുടെ വീടുകളിലും റെയ്‌ഡ് നടത്തുന്നുണ്ട്. എല്ലായിടത്തും ഒരേസമയമാണ് റെയ്‌ഡ് നടത്തുന്നത്. സുഭാഷ് വാസുവും സുരേഷ് ബാബുവും ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണവും നടക്കുന്നുണ്ട്.