ന്യൂയോര്‍ക്ക്: ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ രക്ഷാസമിതിയുടെ പ്രമേയത്തെ എതിര്‍ത്ത് അമേരിക്ക (US Vetoes UN resolution for immediate ceasefire in Gaza). ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അമേരിക്ക ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് യുഎഇ കൊണ്ടുവന്ന കരട് പ്രമേയത്തിലാണ് അമേരിക്കയുടെ പ്രതികരണം.
അമേരിക്കയുടെ നടപടിയെ പ്രമേയം അവതരിപ്പിച്ച യുഎഇ അപലപിച്ചിരുന്നു. 15 അംഗ വോട്ടെടുപ്പില്‍ 13 പേരാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. ബ്രിട്ടണ്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഹമാസിന്‍റെ നടപടികളെ പ്രമേയം തള്ളിപ്പറയുന്നില്ലെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ബ്രിട്ടണ്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്.
ഗാസയിലെ അടിയന്തര വെടിനിര്‍ത്തലിന് അമേരിക്ക പിന്തുണ നല്‍കുന്നില്ലെന്ന് യുഎസ് ഡെപ്യൂട്ടി അംബാസഡര്‍ റോബര്‍ട്ട് വുഡ് (US Deputy Ambassador Robert Wood) ആണ് ഐക്യരാഷ്‌ട്ര സഭയെ അറിയിച്ചത്. ഹമാസ് ഇപ്പോഴും ഇസ്രയേലിന് ഭീഷണിയാണ്. അതുകൊണ്ട് തന്നെ വെടിനിര്‍ത്തലിനായി സമയപരിധി വയ്‌ക്കാന്‍ ഒരിക്കലും ഇസ്രയേലിനെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ല. അടിയന്തരമായി വെടിനിര്‍ത്തല്‍ നടത്തിയാല്‍ അത് അടുത്ത യുദ്ധത്തിന് വിത്ത് വിതയ്‌ക്കുന്നതിന് തുല്യമാകുമെന്നും യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
യുഎന്‍ ചാര്‍ട്ടറിലെ 99-ാം അനുച്ഛേദം അനുസരിച്ച് സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസിന്‍റെ പ്രത്യേക അധികാരമുപയോഗിച്ചായിരുന്നു യോഗം വിളിച്ച് ചേര്‍ത്തത്. ഫലപ്രദമായ രീതിയില്‍ ഗാസയിലെ ജന വിഭാഗത്തിന് സംരക്ഷണം ലഭ്യമാകുന്നില്ലെന്ന് ഗുട്ടെറസ് പറഞ്ഞിരുന്നു. ഇതിന് പിന്നലെയാണ് ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തലിന് വേണ്ട ഇടപെടലുകള്‍ നടത്താന്‍ അദ്ദേഹം യുഎന്‍ സുരക്ഷ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയത്.
ഇസ്രയേലിന്‍റെ സൈനിക നീക്കത്തില്‍ പലസ്തീനില്‍ 17,400 പേര്‍ക്ക് ജീവന്‍ നഷ്‌ടമായെന്നാണ് കണക്കുകള്‍. അതില്‍ 70 ശതമാനത്തോളം പേരും സ്ത്രീകളും കുട്ടികളുമാണ്. കൂടാതെ, 46,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് പലസ്‌തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
നേരത്തെ, ബന്ദികളാക്കിയ 50 ഇസ്രായേല്‍ പൗരന്മാരെ വിട്ടയക്കുമെന്ന് ഹമാസ് വ്യക്തമാക്കിയതോടെ നാല് ദിവസത്തെ വെടിനിര്‍ത്തലിന് ഇരുകൂട്ടരും തമ്മില്‍ ധാരണയിലേക്ക് എത്തിയിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ നില നിന്ന ദിവസങ്ങളിലായിട്ടായിരുന്നു ബന്ദികളായിരുന്ന ഇസ്രായേല്‍ പൗരന്മാരെ മോചിപ്പിച്ചത്. കരാര്‍ അവസാനിച്ചതിന് പിന്നാലെ തന്നെ ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.