വാഷിങ്‌ടണ്‍: രാജ്യത്തിന്‍റെ 76-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയെ അഭിസംബോധന ചെയ്‌ത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. 'ഇരു രാജ്യങ്ങളും ഒഴിച്ചു കൂടാനാവാത്ത പങ്കാളികളാണ്. നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും സ്വതന്ത്രമായ ഇന്തോ-പസഫിക് ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനും പൗരന്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി ഇരു ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കുമന്ന് ഉറപ്പുണ്ടെന്ന്' ബൈഡന്‍ പറഞ്ഞു.
'ലോകമെമ്പാടുമുള്ള ആളുകളും ഏകദേശം നാല് ദശലക്ഷം വരുന്ന ഇന്ത്യൻ-അമേരിക്കക്കാർ ഉൾപ്പെടെയുള്ളവര്‍ ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ മഹാത്മാഗാന്ധിയുടെ മൂഖമുദ്രയായ അഹിംസ, സത്യം എന്നീ ഘടകങ്ങളാല്‍ നയിക്കപ്പെടുന്ന ഇന്ത്യയുടെ ജനാധിപത്യത്തെ ബഹുമാനിക്കുവാന്‍ അമേരിക്കയിലെ ജനങ്ങള്‍ പ്രാപ്‌തരാണ്. 'ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിന്‍റെ 75-ാം വാർഷികവും ആഘോഷിക്കും. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി തമ്മിലുള്ള ശക്തമായ ബന്ധമാണ് ഇരു രാജ്യങ്ങളുടെയും അടിത്തറ' എന്ന് അമേരിക്കന്‍ പ്രസിഡന്‍റ് പറഞ്ഞു.
ALSO READ:ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി, ചെങ്കോട്ട പ്രസംഗത്തില്‍ ഗാന്ധിജി മുതല്‍ സവര്‍ക്കര്‍ വരെ
അതേസമയം, സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും ഇന്ത്യയിലെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തി. 'തങ്ങളുടെ നയതന്ത്ര ബന്ധം 75 വർഷം പൂർത്തിയാക്കി. കാലാവസ്ഥ മുതൽ വ്യാപാരം വരെ നീണ്ടുനില്‍ക്കുന്നതാണ് രാജ്യങ്ങളുടെ പങ്കാളിത്തം. ആഗോള തലത്തിലുള്ള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്‌ക്കുമായി ഇരു രാജ്യങ്ങളുടെയും ബന്ധം എക്കാലവും നിലനില്‍ക്കട്ടെ' എന്ന് ബ്ലിങ്കന്‍ അഭിപ്രായപ്പെട്ടു