വാഷിങ്‌ടണ്‍: ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ മുന്‍ യു എസ് പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് ട്വിറ്ററില്‍ തിരിച്ചെത്തി. ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ട്രംപിന്‍റെ അക്കൗണ്ട് വീണ്ടും പ്രത്യക്ഷപ്പെട്ടത്.
ട്രംപിന്‍റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ പോള്‍, മസ്‌ക് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ഇതില്‍ നേരിയ വിജയം ട്രംപ് നേടുകയും ചെയ്‌തിരുന്നു. 51.8 ശതമാനം പേരാണ് ട്രംപിന്‍റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്. ശേഷമായിരുന്നു മസ്‌കിന്‍റെ പ്രഖ്യാപനം.
2020-ൽ നടന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ തുടർന്ന് ജനുവരി 6 ന് കാപിറ്റോള്‍ ഹില്ലിൽ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ അക്കൗണ്ട് താത്‌കാലികമായി സസ്പെന്‍ഡ് ചെയ്‌തത്. കലാപനത്തിന് പ്രേരിപ്പുക്കുന്ന തരത്തില്‍ ട്വിറ്ററിലൂടെ ആഹ്വാനം നടത്തി എന്നാരോപിച്ചായിരുന്നു ട്രംപിനെതിരെ നടപടി എടുത്തത്. 22 മാസം ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.
ട്വിറ്ററിലേക്ക് മടങ്ങിയെത്താന്‍ ട്രംപ് പലതവണ ശ്രമിച്ചെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല. ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കാലയളവില്‍ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്ത് സോഷ്യലായിരുന്നു ട്രംപ് കൂടുതലായി ഉപയോഗിച്ചിരുന്നത്. അക്കൗണ്ട് പുനഃസ്ഥാപിച്ചാലും ട്വിറ്ററിലേക്ക് തിരിച്ചു വരില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു.
ട്രൂത്ത് സോഷ്യലിലൂടെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. ഡൊണാള്‍ഡ് ട്രംപിനെ കൂടാതെ എഴുത്തുകാരന്‍ ജോർദാൻ പീറ്റേഴ്‌സണിന്‍റെയും ഹാസ്യ താരം കാത്തി ഗ്രിഫിനിന്‍റെയും അക്കൗണ്ടുകളും മസ്‌ക് പുനഃസ്ഥാപിച്ചിട്ടുണ്ട്.