ടോക്കിയോ: ലോകരാഷ്‌ട്രീയത്തില്‍ ജപ്പാന്‍റെ പ്രസക്‌തി വര്‍ധിപ്പിക്കുക എന്നതായിരുന്നു 2012ല്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയപ്പോഴുള്ള ഷിന്‍സോ ആബേയുടെ ദൗത്യം. ഇതിനായി ജപ്പാന്‍റെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുകയും സൈന്യത്തെ ശക്‌തിപ്പെടുത്തുന്നതിന് എതിരായുള്ള ജപ്പാന്‍റെ ഭരണഘടനയിലെ വ്യവസ്ഥകള്‍ നീക്കുകയും ഷിന്‍സോ ആബേ ലക്ഷ്യം വച്ചു. ഈ ദൗത്യത്തില്‍ പൂര്‍ണമായി വിജയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ദേശീയതയില്‍ ഊന്നിയ വിദേശ നയമായിരുന്നു ഷിന്‍സോ ആബേ പിന്തുടര്‍ന്നത്. ഇത് ചൈനയുമായും ദക്ഷിണ കൊറിയയുമായും ബന്ധം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന് വിഘാതമായി. 2013ല്‍ ഷിന്‍സോ ആബേ യാസുകിനി സ്‌മാരകത്തില്‍ സന്ദര്‍ശനം നടത്തിയത് ദക്ഷിണ കൊറിയയെയും ചൈനയെയും ചൊടിപ്പിച്ചു. ഇരു രാജ്യങ്ങളിലും യുദ്ധകുറ്റങ്ങള്‍ നടത്തിയ ജപ്പാന്‍ സൈനികര്‍ക്ക് കൂടി പണിത സ്‌മാരകമായിരുന്നു ഇത്. സന്ദര്‍ശനം ഇരു രാജ്യങ്ങളുമായുള്ള ജപ്പാന്‍റെ ബന്ധത്തില്‍ വരുത്തി വച്ച വിള്ളല്‍ ചെറുതായിരുന്നില്ല.
രണ്ടാം ലോകമഹായുദ്ധത്തില്‍ പരാജയപ്പെട്ട ജപ്പാന് മേല്‍ യുഎസ് ചുമത്തിയതായിരുന്നു യുദ്ധത്തിലേക്ക് പോകുന്നതിനുള്ള വിലക്ക്. ഈ വിലക്ക് ജപ്പാന്‍റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. ഇതുപ്രകാരം ശക്തമായ സൈന്യത്തെ സജ്ജമാക്കുന്നതിന് പരിമിതികള്‍ ഉണ്ട്. സ്വയം പ്രതിരോധത്തിന് മാത്രം പര്യാപ്‌തമായ സൈന്യത്തെ മാത്രമേ നിലനിര്‍ത്താന്‍ പാടുള്ളൂ എന്നാണ് വ്യവസ്ഥ.
വടക്കന്‍ കൊറിയയുടേയും ചൈനയുടെ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഈ വ്യവസ്ഥ മാറ്റണമെന്നായിരുന്നു ഷിന്‍സോ ആബേയുടെ നിലപാട്. മറ്റൊരു രാജ്യത്തിന്‍റെ ആക്രമണം ഉറപ്പാണെന്ന് കണ്ടാല്‍ ആ രാജ്യത്തേക്ക് മിസൈല്‍ തൊടുത്തുവിടാനുള്ള ശേഷി ജപ്പാന്‍ കൈവരിക്കണമെന്ന ചര്‍ച്ചയ്‌ക്ക് അദ്ദേഹം തുടക്കമിട്ടു. സഖ്യ രാജ്യങ്ങളുമായി ചേര്‍ന്ന് വിദേശ രാജ്യങ്ങളിലെ സൈനിക നടപടിക്ക് ജപ്പാന്‍ സൈന്യത്തിനും ഭാഗമാകാനുള്ള നിയമം അദ്ദേഹം പാസാക്കി. യുദ്ധത്തിന് എതിരായുള്ള ജപ്പാന്‍ ഭരണഘടനയിലെ വ്യവസ്ഥ പൂര്‍ണമായും മാറ്റുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നും ജനങ്ങളിലും നിന്നും അദ്ദേഹത്തിന് പിന്തുണ ലഭിച്ചില്ല.
ആബേയോണമിക്‌സ്: ജപ്പാന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചതില്‍ ഷിന്‍സോ ആബേയുടെ സംഭാവന വളരെ വലുതാണ്. ഒരു കാലത്ത് മികച്ച വളര്‍ച്ചാനിരക്കുണ്ടായിരുന്ന ജപ്പാന്‍ സമ്പദ് വ്യവസ്ഥ ജനസംഖ്യയില്‍ പ്രായ കൂടുതലുള്ളവരുടെ ഉയര്‍ന്ന തോതും പണപ്പെരുപ്പം വളരെ കുറഞ്ഞതും കാരണം മുരടിച്ച അവസ്‌ഥയിലായിരുന്നു. ഇതില്‍ നിന്ന് കരകയറാനുള്ള ഷിന്‍സോ ആബേയുടെ നയങ്ങള്‍ 'ആബേയോണമിക്‌സ് ' എന്ന പേരില്‍ അറിയപ്പെട്ടു.
പലിശനിരക്ക് കുറച്ചും, സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ പണമിറക്കിയും, കൂടുതല്‍ ഉദാരവല്‍ക്കരിച്ചുമായിരുന്നു ഷിന്‍സോ ആബേ ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയത്. തൊഴില്‍ മേഖലയില്‍ സ്‌ത്രീകളുടെ പ്രാതിനിധ്യം ഉയര്‍ത്തുകയും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായിരുന്നു.
സാമ്പത്തിക രംഗത്തെ ഷിന്‍സോ ആബേയുടെ ഇടപെടലുകള്‍ ആദ്യ ഘട്ടത്തില്‍ ഫലങ്ങള്‍ കണ്ട് തുടങ്ങി. പിന്നീട് യുഎസും ചൈനയുമായുള്ള വ്യാപാര യുദ്ധവും തുടര്‍ന്ന് വന്ന കൊവിഡും ജപ്പാന്‍റെ സാമ്പത്തിക വളര്‍ച്ച നിരക്ക് 2019ല്‍ ഇടിച്ചു. കൊവിഡിനോട് അദ്ദേഹത്തിന്‍റ സര്‍ക്കാര്‍ പ്രതികരിച്ചതും ഷിന്‍സോ ആബേയുടെ ജനപ്രീതി ഇടിച്ചു. ജപ്പാന്‍റെ അതിര്‍ത്തികള്‍ അടയ്‌ക്കാന്‍ വൈകിയെന്നും കൊവിഡ് നേരിടുന്നതില്‍ ശരിയായ നേതൃത്വം കൊടുക്കാന്‍ ഷിന്‍സോ ആബേയ്‌ക്ക് സാധിച്ചില്ലെന്നും വിമര്‍ശിക്കപ്പെട്ടു.