കീവ്: യുക്രൈനിലെ സപോരിജിയ മേഖലയിൽ ശനിയാഴ്‌ച റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. 40ഓളം പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും നിരവധി വീടുകളും അപ്പാർട്ട്മെന്‍റ് കെട്ടിടങ്ങളും തകരുകയും ചെയ്‌തതായി സപോരിജിയ മേയർ അനറ്റോലി കുർട്ടെവ് അറിയിച്ചു.
തെക്കൻ യുക്രൈനിലെ ഒരു പ്രധാന നഗരമാണ് സപോരിജിയ. അന്താരാഷ്‌ട്ര സമൂഹം ജാഗ്രതയോടെ വീക്ഷിക്കുന്ന ഒരു ആണവ നിലയം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സപോരിജിയയുടെ ഒരു ഭാഗം റഷ്യൻ സൈന്യം പിടിച്ചെടുത്തിരിക്കുകയാണ്.
ശനിയാഴ്‌ച രാജ്യത്തെ അഭിസംബോധന ചെയ്‌ത യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്‌കി കിഴക്കൻ ഡൊണെസ്‌ക് മേഖലയിലെ ബഖ്‌മുട്ട് നഗരത്തിന് ചുറ്റും കടുത്ത ആക്രമണം നടക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കെർച്ച് കടൽപ്പാലം സ്‌ഫോടനത്തിൽ തകർന്നിരുന്നു. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമാണ് തകർന്നത്. ഇത് ക്രിമിയയിലേക്കുള്ള പ്രധാന വിതരണശൃംഖലയെ ബാധിച്ചിരിക്കുകയാണ്.
പാലത്തിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ യുക്രൈൻ ആണെന്ന് ക്രിമിയ ആരോപിച്ചുവെങ്കിലും റഷ്യ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് സപോരിജിയയിൽ റോക്കറ്റ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ഡൊണെസ്‌ക്, ലുഹാൻസ്‌ക്, സപോരിജിയ, ഖേർസൺ മേഖലകൾ പിടിച്ചെടുക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുക്രൈൻ-റഷ്യ യുദ്ധം രൂക്ഷമായത്. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ പിടിച്ചെടുത്ത ഖേർസൺ മേഖലയിലെ 2,400 ചതുരശ്ര കിലോമീറ്റർ പ്രദേശം യുക്രൈൻ തിരിച്ചുപിടിച്ചിരുന്നു. ഇതോടെ റഷ്യ-യുക്രൈൻ യുദ്ധത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.
ഖേർസൺ മേഖലയിലെ ആറ് സെറ്റിൽമെന്‍റുകളും ബെറിസ്ലാവ് ജില്ലയിലെ 31 സെറ്റിൽമെന്‍റുകളും മോചിപ്പിച്ചതായി സെലെൻസ്‌കിയുടോ ഓഫിസിലെ ഡെപ്യൂട്ടി ഹെഡ് കൈറിലോ ടിമോഷെങ്കോ പറഞ്ഞു. അർഖാൻഹെൽസ്‌കെ, വൈസോകോപിലിയ, ഒസോകോറിവ്‌ക തുടങ്ങിയ നഗരങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുകയാണെന്നും ഇവിടെ നിന്നും കുഴിബോംബ് നീക്കം ചെയ്യൽ പുരോഗമിക്കുകയാണെന്നും ടിമോഷെങ്കോ കൂട്ടിച്ചേർത്തു.