ബെയ്‌റൂട്ട് : ലെബനനിലെ തെക്കന്‍ ഗ്രാമമായ അല്‍മ അല്‍ ഷാബില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു (Reuters Journalist Killed In Israel Attack). സംഭവത്തില്‍ ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്. റോയിട്ടേഴ്‌സിലെ ലെബനീസ് ഫോട്ടോഗ്രാഫര്‍ ഇസ്സാം അബ്‌ദല്ലയാണ് കൊല്ലപ്പെട്ടത് (Reuters photojournalist killed in Israel attack).
ഏജന്‍സി ഫ്രാന്‍സ്-പ്രസ് (എഎഫ്‌പി), അല്‍ ജസീറ എന്നിവയിലെ ആറ് റിപ്പോര്‍ട്ടര്‍മാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. ആക്രമണത്തില്‍ അപലപിച്ച് നജീബ് മികാതി, 'മാധ്യമപ്രവര്‍ത്തകരെ ഇസ്രയേല്‍ നേരിട്ട് ലക്ഷ്യം വയ്‌ക്കുന്നു' എന്ന് ആരോപിച്ചു. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
തെക്കന്‍ ലെബനനിലെ അല്‍-ദാഹിറ, അല്‍മ അല്‍-ഷാബ്, യാരിന്‍ പട്ടണങ്ങള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ഇന്നലെ (ഒക്‌ടോബര്‍ 13) ബോംബാക്രമണം നടത്തിക്കൊണ്ട് ഇസ്രയേല്‍ നടപടി കടുപ്പിച്ചതായി ലെബനന്‍ നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അല്‍മ അല്‍-ഷാബിന്‍റെ പ്രാന്തപ്രദേശത്തുണ്ടായ ബോംബാക്രമണം വന്‍ തീപിടിത്തത്തിന് കാരണമായിരുന്നു. ഇതിന്‍റെ പ്രത്യാക്രമണമായി ലെബനന്‍ മിലിറ്റന്‍റ് ഗ്രൂപ്പായ ഹിസ്‌ബുല്ല തങ്ങളുടെ സംഘത്തെ ഉപയോഗിച്ച് നാല് ഇസ്രയേലി അതിര്‍ത്തി സൈറ്റുകള്‍ ആക്രമിച്ചിരുന്നു. ഹിസ്‌ബുല്ല സംഘത്തിന്‍റെ നീക്കങ്ങള്‍ മനസിലാക്കുന്നതിനായി ഇസ്രയേല്‍ ഡ്രോണ്‍ ഉപയോഗിക്കുകയുണ്ടായി.
ഒക്‌ടോബര്‍ ഏഴിന് രാവിലെ ഹമാസ് ഇസ്രയേല്‍ പട്ടണങ്ങളില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ പിന്തുണച്ച് ഇസ്രയേല്‍ സൈനിക സൈറ്റുകളിലേക്ക് ഹിസ്‌ബുല്ല ഡസന്‍ കണക്കിന് മിസൈലുകള്‍ തൊടുത്തുവിട്ടതിനെ തുടര്‍ന്നാണ് ലെബനീസ്-ഇസ്രയേല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. പലസ്‌തീന്‍ ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്‍റെ സൈനിക വിഭാഗമായ അല്‍-ഖുദ്‌സ് ബ്രിഗേഡ് അംഗങ്ങള്‍ ലെബനില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറുകയും ഇസ്രയേലി സേനയുമായി ഏറ്റുമുട്ടുകയും ചെയ്‌തതോടെ ഒക്‌ടോബര്‍ ഒന്‍പതിന് സ്ഥിതിഗതികള്‍ വീണ്ടും രൂക്ഷമായി. പിന്നാലെ തെക്കന്‍ ലബനനിലെ നിരവധി പ്രദേശങ്ങള്‍ ഇസ്രയേലി സൈന്യം ആക്രമിക്കുകയും മൂന്ന് ഹിസ്‌ബുല്ല അംഗങ്ങളെ വധിക്കുകയും ചെയ്‌തു.
ഇതിന്‍റെ പ്രത്യാക്രമണമായി വടക്കന്‍ ഇസ്രയേലിലെ പ്രണിത്, അവിവം ബാരക്കുകള്‍ ഒക്‌ടോബര്‍ ഒന്‍പതിന് തന്നെ ഹിസ്‌ബുല്ല ഗൈഡഡ് മിസൈലുകളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു. ഒക്‌ടോബര്‍ 11നും ലെബനന്‍ അതിര്‍ത്തിക്കടുത്തുള്ള ഇസ്രയേല്‍ സൈനിക സൈറ്റായ അല്‍-ജര്‍ദയെ ഹിസ്‌ബുല്ല ഗൈഡഡ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഈ ആക്രമണത്തില്‍ ഇസ്രയേലി സേനയില്‍ നിരവധി നഷ്‌ടം സംഭിച്ചു.