മോസ്‌കോ : റഷ്യയുടെ തെക്കന്‍ റിപബ്ലിക്കായ ഡാഗെസ്‌താനിലെ ഗ്യാസ് സ്‌റ്റേഷനിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനവും അതിനെ തുടര്‍ന്നുണ്ടായ അഗ്നിബാധയിലുമായി 115 പേര്‍ക്ക് പരിക്കേറ്റതായും റഷ്യയുടെ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്‌ച (15.08.2023) അറിയിച്ചു.
അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 35 പേര്‍ മരിച്ചു. പരിക്കേറ്റവരില്‍ 16 കുട്ടികള്‍ ഉള്‍പ്പടെ 65 പേരെ ചൊവ്വാഴ്‌ച ഉച്ചയോടെ തന്നെ ആശുപത്രിയിലെത്തിച്ചു. ഇതില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 11 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സംഭവം ഇങ്ങനെ : ഡാഗെസ്‌താനിന്‍റെ തലസ്ഥാനമായ മഖച്‌കലയുടെ പ്രാന്തപ്രദേശത്ത് തിങ്കളാഴ്‌ച (14.08.2023) രാത്രിയാണ് സ്‌ഫോടനമുണ്ടായത്. ഒരു കാര്‍ റിപ്പയര്‍ ഷോപ്പിന് തീപിടിച്ചതോടെ ഇത് സമീപത്തെ പെട്രോള്‍ പമ്പിലേക്ക് പടര്‍ന്നതാണ് സ്‌ഫോടനത്തിനും വലിയ അപകടത്തിനും കാരണമായത്. അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു മില്യണ്‍ റൂബിളും (ഏകദേശം എട്ട് ലക്ഷത്തി നാല്‍പത്തി അയ്യായിരം രൂപ), പരിക്കേറ്റവര്‍ക്ക് 200,000 മുതല്‍ 400,000 റൂബിളും (ഏകദേശം ഒരു ലക്ഷത്തി അറുപത്തിയേഴായിരം മുതല്‍ മൂന്ന് ലക്ഷത്തി മുപ്പത്തിയയ്യായിരം രൂപ) നല്‍കുമെന്ന് ഡാഗെസ്‌താന്‍ അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റവരില്‍ ചിലരെ ചികിത്സയ്ക്കായി മോസ്‌കോയിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോകുമെന്ന് റഷ്യൻ സ്‌റ്റേറ്റ് മീഡിയ അറിയിച്ചു. സൗത്ത് മോസ്‌കോയില്‍ നിന്ന് ഏകദേശം 1600 കിലോമീറ്റര്‍ അകലെയായാണ് സ്‌ഫോടനം നടന്ന മഖച്‌കല സ്ഥിതി ചെയ്യുന്നത്. 35 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തെ സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്‌ച ഡാഗെസ്‌താനില്‍ ദുഃഖാചരണവും പ്രഖ്യാപിച്ചു.
സ്‌ഫോടനങ്ങള്‍ പതിവാകുന്ന റഷ്യ : മോസ്കോയിൽ നിന്ന് 160 കിലോമീറ്റർ (100 മൈൽ) വടക്കുള്ള ത്വെറിലെ പ്രതിരോധ ഗവേഷണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 22 പേർ കൊല്ലപ്പെടുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2022 ഏപ്രിലിന് ശേഷം, റഷ്യയില്‍ നടന്ന വമ്പന്‍ സ്ഫോടനമാണ് ഡാഗെസ്‌താനിലുണ്ടായിരിക്കുന്നത്. മാത്രമല്ല ഈ മാസം ആദ്യം മോസ്‌കോയുടെ വടക്ക് ഭാഗത്തുള്ള, റഷ്യയുടെ സുരക്ഷാസേനയ്ക്ക് ഒപ്റ്റിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 84 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാത്രമല്ല, ഡാഗെസ്‌താനില്‍ സ്‌ഫോടനമുണ്ടായ തിങ്കളാഴ്ച രാത്രി തന്നെ പടിഞ്ഞാറൻ സൈബീരിയയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഖാന്തി-മാൻസിസ്‌ക് മേഖലയിലെ എണ്ണ ഖനിയിൽ വൈകുന്നേരത്തോടെയായിരുന്നു സ്‌ഫോടനമുണ്ടായതെന്ന് അധികൃതർ അറിയിച്ചിരുന്നു.
റഷ്യ-യുക്രൈന്‍ യുദ്ധം : റഷ്യന്‍ അധിനിവേശത്തിനെതിരെ രാജ്യത്തിനായി പോരാടാൻ വനിതാദിനത്തിൽ ഒരു കൂട്ടം യുവതികള്‍ യുക്രൈൻ സൈന്യത്തോടൊപ്പം ചേർന്നത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തങ്ങളുടെ രാജ്യത്തിന് വേണ്ടി പോരാടാനാകുന്നത് വലിയ അനുഗ്രഹമാണെന്നും ശത്രുക്കളെ ഉൻമൂലനം ചെയ്യുമെന്നും ഇവർ പുറത്തുവിട്ട വീഡിയോയില്‍ അറിയിച്ചു. തകർക്കപ്പെട്ട രാജ്യത്തിന് വേണ്ടിയും, ഇവിടുത്തെ ഓരോ കുട്ടികൾക്കും, സ്ത്രീകൾക്കും, വൃദ്ധർക്കും വേണ്ടിയും ശത്രുക്കളെ വെടിവച്ചുകൊല്ലുമെന്നും വനിതകൾ വീഡിയോയിലൂടെ റഷ്യൻ സൈന്യത്തിന് താക്കീത് നൽകുകയും ചെയ്‌തു.