ഒട്ടാവ (കാനഡ): കാനഡയിലെ വടക്കൻ ഒന്‍റാറിയോ നഗരത്തിലുണ്ടായ (Northern Ontario City) വെടിവയ്പ്പിൽ മൂന്ന് കുട്ടികളടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഒന്‍റാറിയോയില്‍, അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണുമായി (Michigen) അതിര്‍ത്തി പങ്കിടുന്ന സോൾട്ട് സ്റ്റേ മേരിയില്‍ (Sault Ste. Marie) തിങ്കളാഴ്‌ച രാത്രി വൈകിയാണ് സംഭവം (Canada Shooting- 5 Including 3 Children Killed). നഗരത്തിലെ രണ്ട് വീടുകളിലായാണ് കൊലകള്‍ നടന്നത്. രണ്ട് വീടുകളിൽ നടന്ന കൊലകൾ തമ്മിൽ പരസ്‌പരം ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു. അടുത്ത പങ്കാളികൾ തമ്മിലുള്ള തർക്കം കൊലയിലേക്ക് നയിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം (Intimate Partner Violence).
തിങ്കളാഴ്‌ച രാത്രി 10.20 ന് (പ്രാദേശിക സമയം) അത്യാഹിത നമ്പറായ 911 ലേക്ക് വന്ന ഒരു ഫോൺ കോളിനു പിന്നാലെ ടാൻക്രഡ് സ്ട്രീറ്റിലെ 200 ബ്ലോക്കിൽ വെടിയേറ്റ് മരിച്ച നിലയിൽ 41 കാരന്‍റെ മൃതദേഹം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തും മുൻപ് കൊലപാതകി സ്ഥലം വിട്ടതായും കണ്ടെത്തി. ഇവിടെ പൊലീസ് നടപടി പുരോഗമിക്കുന്നതിനിടെയാണ് നഗരത്തിൽ 3.2 കിലോമീറ്റർ അകലെയുള്ള മറ്റൊരു വീട്ടിൽ വെടിവയ്‌പ്പ് നടന്നതായി അത്യാഹിത നമ്പറിൽ കോൾ ലഭിക്കുന്നത്.
ഇവിടെയെത്തിയ പൊലീസ് വെടിയേറ്റു മരിച്ച നിലയിൽ 45 കാരന്‍റെ മൃതദേഹം കണ്ടെത്തി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ ആറ് വയസുകാരന്‍റെയും രണ്ട് വയസുകാരന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഇതിനുസമീപം തന്നെ മരിച്ച നിലയിൽ 44 കാരന്‍റെ മൃതദേഹവും കണ്ടെത്തി. ഇയാൾ മറ്റെല്ലാവരെയും വെടിവച്ച് കൊന്നശേഷം ആത്മഹത്യ ചെയ്‌തതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. കുറ്റകൃത്യം നടന്ന വീടുകളില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.