യുക്രൈന്‍ : റഷ്യയുമായി ബന്ധമുള്ള 11 രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലൻസ്‌കി ഉത്തരവിട്ടു. ഞായറാഴ്‌ച പുലര്‍ച്ചെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യത്ത് പട്ടാള നിയമം അവതരിപ്പിച്ചതിന് പിന്നാലെയാണ് സെലൻസ്‌കിയുടെ പുതിയ പ്രഖ്യാപനം.
'റഷ്യൻ ഫെഡറേഷൻ അഴിച്ചുവിട്ട വലിയ തോതിലുള്ള യുദ്ധവും അവരുമായുള്ള ചില രാഷ്ട്രീയ സംഘടനകളുടെ ബന്ധവും കണക്കിലെടുത്ത്, നിരവധി രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങൾ സൈനിക നിയമം നിലനില്‍ക്കുന്ന കാലയളവുവരെ താൽക്കാലികമായി നിര്‍ത്തിവെയ്‌ക്കുന്നുവെന്ന് പറഞ്ഞ സെലന്‍സ്‌കി, യുക്രൈനില്‍ അഭിപ്രായവ്യത്യാസവും ഭിന്നതയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ വിജയിക്കില്ലെന്നും കൂട്ടിച്ചേർത്തു.
Also read: ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ്; ആൻഡമാന്‍റെ ഭാഗങ്ങളിൽ മഴയും ശക്തമായ കാറ്റും
റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി അടുത്ത ബന്ധമുള്ള വിക്‌ടര്‍ മെദ്‌വെദ്‌ചുക് നയിക്കുന്ന 'ഒപ്പോസിഷന്‍ പ്ലാറ്റ്‌ഫോം ഫോര്‍ ലൈഫ്' ആണ് പ്രവര്‍ത്തനം തടസ്സപ്പെട്ട ഒരു പ്രധാന രാഷ്‌ട്രീയ കക്ഷി. 450 സീറ്റുകളുള്ള യുക്രൈന്‍ പാര്‍ലമെന്‍റില്‍ 44 സീറ്റുകളാണ് വിക്‌ടര്‍ മെദ്‌വെദ്‌ചുകിന്‍റെ പാര്‍ട്ടിക്കുള്ളത്.
യാവനീവ് മുറായ്‌വിന്‍റെ നേതൃത്വത്തിലുള്ള 'നാഷി' പാര്‍ട്ടിയും പട്ടികയിലുണ്ട്. റഷ്യൻ അധിനിവേശത്തിന് മുമ്പ് യുക്രൈന്‍റെ നേതാവായ മുറായ്‌വിനെ നിയമിക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് ബ്രിട്ടീഷ് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.