ബാഴ്‌സലോണ: സ്പെയിനിൽ അസ്ട്രസെനിക്ക വാക്സിന്‍റെ ഉപയോഗത്തിന് നിയന്ത്രണം. പ്രായമായവരിൽ രക്തം കട്ടപിടിക്കാന്‍ സാധ്യതയുള്ളതിനാലാണിത്. സ്പാനിഷ് ആരോഗ്യമന്ത്രി കരോലിന ഡാരിയാസ് പ്രാദേശിക ആരോഗ്യ മേധാവികളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് 60 വയസ്സിന് മുകളിലുള്ളവർക്ക് ഡോസ് പരിമിതപ്പെടുത്തുന്നതായുള്ള തീരുമാനം ജനങ്ങളെ അറിയിച്ചത്.ഇതുവരെ പ്രായം കുറഞ്ഞവരിലാണ് അസ്ട്രസെനിക്ക ഉപയോഗിച്ചത്.
രാജ്യത്തിന്‍റെ വാക്സിനേഷന്‍ പ്രക്രിയയിൽ പ്രായപരിധി ഉയർത്തുന്നത് അധികൃതർ പരിഗണിക്കുമെന്ന് ഡാരിയസ് പറഞ്ഞു. വാക്സിനും രക്ത കട്ടകളും തമ്മിൽ “സാധ്യമായ ഒരു ബന്ധം” കണ്ടെത്തിയതായി യൂറോപ്യൻ മെഡിസിൻസ് ഏജൻസി പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം.
രക്തം കട്ടപിടിക്കുന്നു എന്ന കാരണത്താൽ വാക്സിന്‍ ഉപയോഗം നിർത്തിയ യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍.ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് 2.1 ദശലക്ഷം പേർക്ക് ആദ്യ വാക്സിന്‍ ഡോസ് സ്വീകരിച്ചു. 97 പേർ മാത്രമാണ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. രാജ്യത്തെ 33 ദശലക്ഷം ആളുകൾക്ക് വാക്സിനേഷന്‍ നൽകുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് തങ്ങളുടെ സർക്കാരെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.
അസ്ട്രസെനിക്ക വാക്സിന്‍ വളരെ വിലകുറഞ്ഞതും എളുപ്പത്തിൽ സംഭരിക്കാവുന്നതുമാണ്. ജാൻസെൻ വാക്സിൻ വരും ആഴ്ചകളിൽ ഉൾപ്പെടുത്തുമെന്നും "ഭൂരിപക്ഷം" പ്രദേശങ്ങളും പുതിയ പ്രായപരിധി അംഗീകരിച്ചതായും ഡാരിയസ് പറഞ്ഞു.