ടോക്കിയോ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജപ്പാനിൽ മെയ് 31 വരെ അടിയന്തരാവസ്ഥ നീട്ടി പ്രധാനമന്ത്രി ഷിൻസോ അബെ. ഞായറാഴ്ച ചേർന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു തീരുമാനം. ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹി സുഗ, സാമ്പത്തിക പുനരുജ്ജീവന മന്ത്രി യസുതോഷി നിഷിമുര, ആരോഗ്യമന്ത്രി കട്സുനോബു കറ്റോ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ടോക്കിയോ ഗവർണർ യൂറിക്കോ കൊയിക്കും വീഡിയോ കോൺഫറൻസിലൂടെ യോഗത്തിന്‍റെ ഭാഗമായി.
തിങ്കളാഴ്ച വൈകീട്ട് ആറിന് നടക്കാനിരിക്കുന്ന വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജപ്പാനിൽ ഇതുവരെ 15,000 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 4,600 പേർ ടോക്കിയോ സ്വദേശികളാണ്. 500 ൽ അധികം പേർ മരിക്കുകയും ചെയ്തു. ഏപ്രിൽ രണ്ടിനാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് മെയ് 31 വരെ നീട്ടിയിരിക്കുന്നത്.