സിയോൾ : ബുധനാഴ്‌ച ഉത്തരകൊറിയ നടത്തിയ മിസൈല്‍ വിക്ഷേപണം പരാജയപ്പെട്ടെന്ന് ദക്ഷിണ കൊറിയൻ സൈന്യം. ബുധന്‍ രാവിലെ 9:30 ന് പ്യോങ്‌യാങ് മേഖലയിലാണ് ആ രാജ്യം വിക്ഷേപണം നടത്തിയത്. എന്നാല്‍ ദൗത്യം പരാജയപ്പെടുകയായിരുന്നെന്ന് ദക്ഷിണ കൊറിയ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്‌താവനയില്‍ അറിയിച്ചു.
ബുധനാഴ്‌ച എന്താണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്നോ ഏത് ഘട്ടത്തിലാണ് പരാജയം സംഭവിച്ചതെന്നോ കാര്യത്തില്‍ വിവരം ലഭ്യമല്ല. ഇതേക്കുറിച്ച് വ്യക്തത വരുത്താന്‍ അയല്‍രാജ്യത്തിന്‍റെ സൈന്യത്തിനായില്ല. ഏറ്റവും വലുതും ദീർഘദൂരം സഞ്ചരിക്കുന്നതുമായ മിസൈൽ ഉത്തരകൊറിയ ഉടൻ വിക്ഷേപിക്കുമെന്ന വാര്‍ത്ത വന്നിരുന്നു. ഇതിനിടെയാണ് സംഭവം.
കിം ജോങ് ഉന്‍ ഭരണകൂടം നടത്തുന്ന, ഈ വർഷത്തെ പത്താമത്തെ വിക്ഷേപണമാണിത്. രാജ്യം ആയുധശേഖരം നവീകരിക്കുകയും എതിരാളികളെ സമ്മർദത്തിലാക്കുകയും ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഇടയ്‌ക്കിടെ മിസൈല്‍ വിക്ഷേപണം നടത്തുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അമേരിക്കയ്‌ക്ക് ഭീഷണി സൃഷ്‌ടിക്കുന്ന തരത്തില്‍ ആണവായുധ ശേഖരമുണ്ടാക്കുക എന്നതാണ് ആ രാജ്യത്തിന്‍റെ ലക്ഷ്യമെന്നും പ്രചരിക്കുന്നുണ്ട്.