ടോക്കിയോ: പ്രതിഷേധത്തെ തുടര്‍ന്ന് ജപ്പാന്‍ സര്‍ക്കാര്‍ സൗജന്യ മാസ്‌ക് വിതരണം നിര്‍ത്തലാക്കി. മാസ്‌കുകളുടെ ഗുണനിലവാരത്തെ കുറിച്ച് വ്യാപക പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ മാസ്‌ക് വിതരണം പിന്‍വലിച്ചത്. ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ അബെയുടെ പ്രശസ്തമായ സാമ്പത്തിക പദ്ധതിയായ 'അബെനോമിക്സ്' എന്ന വാക്കുമായി ചേര്‍ത്ത് 'അബെനോമാസ്‌ക്' എന്ന് പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ മാസ്‌ക് വിതരണവുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടിരുന്നു.
ഒരു വീട്ടില്‍ രണ്ട് മാസ്‌ക് വീതം വിതരണം നടത്താനായിരുന്നു പദ്ധതി. ഫാബ്രിക് കൊണ്ട് നിര്‍മിച്ച മാസ്‌കുകള്‍ പുനരുപയോഗിക്കാന്‍ കഴിയും. എന്നാല്‍ മൂക്കൂം വായും ശരിയായ രീതിയില്‍ മറയ്‌ക്കുന്നില്ലെന്നും സര്‍ക്കാര്‍ പേരിനു മാത്രമാണ് ഇത്തരം മാസ്‌കുകള്‍ വിതരണം നടത്തുന്നതെന്നും ജനങ്ങള്‍ വിമര്‍ശിച്ചു. ഗര്‍ഭിണികള്‍ക്കും ഗുരുതരാവസ്ഥയില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്കും അയച്ച നിരവധി മാസ്‌കുകള്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചയച്ചു.