കൊളംബോ: കൊവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ശ്രീലങ്കക്ക് വീണ്ടും ഇന്ത്യ മരുന്നുകള്‍ എത്തിച്ച് നല്‍കി. ബുധനാഴ്ചയാണ് ജീവന്‍ രക്ഷാ മരുന്നുകള്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ശ്രീലങ്കയില്‍ എത്തിച്ചത്. ദക്ഷിണേഷ്യയില്‍ കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇത്തരം സാഹചര്യങ്ങളിലാണ് നല്ല സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടുന്നതെന്ന് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണ്‍ർ ട്വീറ്റ് ചെയ്തു.
ദൗത്യം ഏറ്റെടുത്ത എയര്‍ ഇന്ത്യക്കും ശ്രീലങ്ക നന്ദി അറിയിച്ചു. 150ല്‍ അധികം കേസുകളാണ് ശ്രീലങ്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു മില്യണ്‍ കടന്നു. സാര്‍ക്ക് രാജ്യങ്ങളുടെ ഉച്ച കോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ദുരിതം അനുഭവിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് മറ്റ് രാജ്യങ്ങൾ പണം നല്‍കണം എന്ന് ആവശ്യപ്പെട്ടിരുന്നു. 10 മില്യൺ യു.എസ് ഡോളറാണ് ഇന്ത്യ സഹായം പ്രഖ്യാപിച്ചത്.
സഖ്യ രാഷ്ട്രങ്ങളില്‍ അത്യാവശ്യ സാഹചര്യങ്ങളിലാണ് ഈ തുക വിനിയോഗിക്കേണ്ടത്. മാത്രമല്ല ഇന്ത്യയില്‍ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ ഉദ്യോഗസ്ഥരുടെയും ഒരു സംഘത്തെ രൂപികരിച്ചിട്ടുണ്ട്. അത്യാവശ്യ മരുന്നുകളും മറ്റ് ഉപകരണങ്ങളും ഇവരുടെ കയ്യില്‍ ലഭ്യമാക്കിയിട്ടുണ്ട്. ദുരിതം അനുഭവിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് പ്രത്യേക സാഹചര്യത്തില്‍ സംഘത്തിന്‍റെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.