ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 50,000 കടന്നതായി റിപ്പോർട്ട്. പ്രദേശത്ത് പുതുതായി 2,705 കൊവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെയാണ് പഞ്ചാബ് പ്രവിശ്യയിൽ ആകെ കൊവിഡ് കേസുകൾ 50,087 ആയി ഉയർന്നത് .
ഖൈബർ പഖ്തുൻഖ്‌വ നിയമസഭാ സ്പീക്കർ മുഷ്താഖ് ഘാനിക്കും അദേഹത്തിന്‍റെ മകളും മരുമകനും ഉൾപ്പെടെയുള്ളവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ പ്രവിശ്യയിൽ 438 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാനില്‍ പുതിയ 88 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,551 ആയി ഉയർന്നു. നിലവിൽ ലഭിച്ച കണക്കുകൾ അനുസരിച്ച് സിന്ധിൽ 49,256, പഞ്ചാബിൽ 50,087, ഖൈബർ പഖ്തുൻഖ്വയിൽ 16,415, ബലൂചിസ്ഥാനിൽ 7,866, ഇസ്ലാമാബാദിൽ 7,163, പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ 574, ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ 1,044 എന്നിങ്ങനെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ലാഹോർ കൊവിഡ് 19 പ്രഭവകേന്ദ്രമായി മാറിയതായി വിവരം ലഭിച്ചു. നഗരത്തിൽ രണ്ടാഴ്ചത്തേക്ക് ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.