ബെയ്‌ജിങ്: കൊവിഡ് 19 രോഗ ബാധയെ തുടർന്ന് ചൈനയില്‍ 13 പുതിയ മരണം കൂടി റിപ്പോർട്ട് ചെയ്തു. 3189 രോഗികളാണ് ഇതുവരെ മരിച്ചത്. 80,824 പേർക്ക് രോബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മെയ്ൻലാൻഡ് ചൈനയിലെത്തിയ ഏഴ് പേർക്ക് കൂടി രോഗബാധ കണ്ടെത്തി. രാജ്യത്ത് എത്തിയവരില്‍ 95 പേർക്ക് രോഗം ഉള്ളതായി ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു.
വെള്ളിയാഴ്ച അവസാനത്തോടെ മെയിൻലാൻഡില്‍ സ്ഥിരീകരിച്ച കേസുകൾ 80,824 ആയി.ഇതിൽ 3,189 പേർ മരിച്ചു, 12,094 രോഗികൾ ഇപ്പോഴും ചികിത്സയിലാണ്, 65,541 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായും റിപ്പോർട്ട് പറയുന്നു. വെള്ളിയാഴ്ച അവസാനത്തോടെ ഹോങ്കോങ്ങിൽ 137 കേസുകളും മക്കാവോയിൽ 10 കേസുകളും തായ്‌വാനിൽ 50 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, രോഗം നിയന്ത്രണവിധേയമാക്കുന്നത് വരെ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് മുൻപ് പ്രാദേശിക അധികാരികൾ വിദഗ്‌ധരുമായി കൂടിയാലോചിക്കുമെന്നും അധ്യാപകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പകർച്ചവ്യാധി നിയന്ത്രണത്തെക്കുറിച്ചുള്ള മന്ത്രാലയത്തിന്‍റെ വർക്കിങ് ഗ്രൂപ്പ് ഡയറക്ടർ വാങ് ഡെങ്‌ഫെങ് പറഞ്ഞു.
കോളജ് പ്രവേശന പരീക്ഷ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളിൽ നിന്നും മന്ത്രാലയം ഉപദേശം തേടുന്നുണ്ടെന്നും ഉടൻ തീരുമാനം എടുക്കുമെന്നും വാങ് പറഞ്ഞു.