ബെയ്‌ജിങ്: കൊവിഡിനെതിരെ പോരാടാന്‍ ധനസമാഹാരണത്തിനായി ഡബ്യൂഎച്ച്ഒയും ചൈനീസ് സംഘടനയും ഒന്നിക്കുന്നു. ബെയ്‌ജിങില്‍ ചൈന പോപ്പുലേഷന്‍ വെല്‍ഫേര്‍ ഫൗണ്ടേഷനും (സിപിഡബ്ല്യൂഎഫ് )ലോകാരോഗ്യ സംഘടനയും സംയുക്തമായി ചാരിറ്റി ഫണ്ട് ശേഖരണ പരിപാടി ആരംഭിച്ചിരിക്കുകയാണ്. കൊവിഡ് 19 സോളിഡാരിറ്റി റെസ്പോണ്‍സ് ഫണ്ട് ഫോര്‍ ഡബ്യൂഎച്ച്ഒ ആക്ഷന്‍ ഓഫ് ചൈന എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളായ ടെന്‍സെന്‍റ് ,ആലിബാബ ,ആലിപായ് ഫൗണ്ടേഷനുകള്‍ വഴിയാണ് ധനം സമാഹരിക്കുന്നത്. ലോകാരോഗ്യ സംഘടന ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അദെനോം ഗബ്രിയേസസ് വീഡിയോ ലിങ്ക് വഴി പരിപാടിയെ അഭിസംബോദന ചെയ്‌തു. ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പോരാട്ടത്തില്‍ സിപിസിഎഫിന്‍റെ പിന്തുണയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്‌തു.
മാര്‍ച്ച് 13 നാണ് കൊവിഡ് സൊളിഡാരിറ്റ് ഫണ്ടിന്‍റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡബ്ല്യൂഎച്ച്ഒ, യുഎന്‍ ,സ്വിസ് ഫിലാന്ത്രോപി ഫൗണ്ടേഷന്‍ എന്നിവരുടെ സംയുക്ത സഹകരണത്തോടെ ലോകാമെമ്പാടുമുള്ള ബിസിനസ്,സാമൂഹ്യ സംഘടനകള്‍,ആളുകള്‍ എന്നിവരോട് ധനസഹായം അഭ്യര്‍ഥിച്ചിരുന്നു. ഇതോടെയാണ് ഫണ്ട് ശേഖരണത്തില്‍ സഹായവുമായി സിപിഡബ്ല്യൂഎഫ് എത്തുന്നത്. ലഭിക്കുന്ന ഫണ്ട് മുഴുവനും ലോകാരോഗ്യ സംഘടനയുടെ അക്കൗണ്ടില്‍ എത്തുന്നതാണ്. ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി ഫണ്ട് ശേഖര വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതായിരിക്കും.