കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ പള്ളിക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തില്‍ 12 കുട്ടികള്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. നോര്‍ത്തേണ്‍ താക്കാര്‍ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ബഹാറക് ജില്ലയില്‍ താലിബാന്‍ ആക്രമണത്തില്‍ 40 സുരക്ഷാ സേന അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഉള്‍പ്പെട്ട താലിബാന്‍ തീവ്രവാദികള്‍ പള്ളിയില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എയര്‍ക്രാഫ്‌റ്റ് ബോംബാക്രമണം ഉണ്ടായതെന്ന് പ്രവിശ്യാ കൗണ്‍സിലര്‍ മുഹമ്മദ് അസാം അഫ്‌സാലി പറഞ്ഞു. എന്നാല്‍ തീവ്രവാദികള്‍ പള്ളിയില്‍ നിന്നും നേരത്തെ വിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്‌ഗാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ പ്രതിനിധികളും താലിബാനും ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം രാജ്യത്ത് തുടരുന്ന സംഘര്‍ഷങ്ങളിലായി നൂറിലധികം പൗരന്മാര്‍ മരിക്കുകയും ഗ്രാമങ്ങളില്‍ നിന്ന് പത്തായിരത്തിലധികം ആളുകള്‍ പാലായനം ചെയ്യുകയും ചെയ്‌തു.