വാഷിങ്ടണ്‍: നാറ്റോ സഖ്യ രാജ്യങ്ങള്‍ക്കെതിരെ റഷ്യ തിരിയുകയാണെങ്കില്‍ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുടിനെ നിയന്ത്രിച്ചില്ലെങ്കില്‍ അദ്ദേഹം കൂടുതല്‍ അപകടകാരിയാകും. റഷ്യന്‍ പ്രസിഡന്‍റുമായി ഈ ഘട്ടത്തില്‍ സംസാരിക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. അതേസമയം യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലന്‍സ്കിയുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചു.
യുക്രൈനിന് ദുരിതാശ്വാസ സഹായം അമേരിക്ക ലഭ്യമാക്കുമെന്ന് ബൈഡന്‍ സെലന്‍സ്കിക്ക് ഉറപ്പ് നല്‍കി. റഷ്യക്കെതിരെ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തയില്ലെങ്കില്‍ അത് കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ പുടിന് കരുത്ത് പകരുമെന്നാണ് ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞത്."കിഴക്കന്‍ യൂറോപ്പിലെ നാറ്റോ സംഖ്യരാജ്യങ്ങളില്‍ വേണ്ടത്ര സൈനിക വിന്യാസം നടത്തികൊണ്ട് സംഘര്‍ഷം വ്യാപിക്കില്ല എന്ന് ഉറപ്പുവരുത്തും. നാറ്റോ സഖ്യ രാജ്യങ്ങള്‍ തമ്മില്‍ എന്നത്തേതിനേക്കാളും ശക്തമായ ഒരുമയുണ്ട്. പുടിനുമായി സംസാരിക്കാന്‍ എനിക്ക് പദ്ധതിയില്ല", ബൈഡന്‍ പറഞ്ഞു.
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടയില്‍ കിഴക്കന്‍ യൂറോപ്പിലെ നാറ്റോ അംഗരാജ്യങ്ങളില്‍ യുഎസ് കൂടുതല്‍ സൈന്യകരെ വിന്യസിച്ചു. പുടിന്‍റെ ലക്ഷ്യം യുക്രൈനില്‍ ഒതുങ്ങുന്നതല്ലെന്നാണ് ബൈഡന്‍റെ വാദം. "സോവിയറ്റ് യൂണിയന്‍ പുനസ്ഥാപിക്കാനാണ് പുടിന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്നത്തെ ലോക സാഹചര്യം അത്തരം ആഗ്രഹങ്ങള്‍ക്ക് നേര്‍വിപരീതമാണ്", ജോ ബൈഡന്‍ പ്രതികരിച്ചു.
രാജ്യത്തെ പ്രതിരോധിക്കാനുള്ള യുക്രൈന്‍ ജനതയുടെ ഉദ്യമത്തിന് അമേരിക്ക യൂറോപ്പിലെ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് കൊണ്ട് എല്ലാ സഹായവും നല്‍കുമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ സെലന്‍സ്കിക്ക് ബൈഡന്‍ ഉറപ്പ് നല്‍കി. സത്യങ്ങള്‍ മറച്ചുവെക്കാന്‍ റഷ്യയുടെ ഭാഗത്ത് നിന്ന് വ്യാജ പ്രചാരണങ്ങള്‍ ഉണ്ടാവുമെന്നുള്ള വാദം ജോ ബൈഡന്‍ ആവര്‍ത്തിച്ചു. യുക്രൈനില്‍ നിന്ന് അപകട ഭീഷണി ഉണ്ട് എന്നുള്ളത് റഷ്യ കെട്ടിച്ചമച്ചതാണ്. സൈനിക നടപടി വിജയമാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും ബൈഡന്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് വേണ്ടി തങ്ങള്‍ നിലകൊള്ളുമെന്നും അത് തങ്ങളുടെ സ്വത്വത്തിന്‍റെ ഭാഗമാണെന്നും ബൈഡന്‍ പറഞ്ഞു. റഷ്യന്‍ സൈന്യത്തിനെതിരെ പോരാടാന്‍ അമേരിക്ക സൈന്യത്തെ അയക്കില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കയ്ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതിനെതിരെ റഷ്യയ്ക്ക് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുടെ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി സ്വകാര്യ മേഖലയുമായി ചേര്‍ന്ന് കൊണ്ട് മാസങ്ങളായി പ്രവര്‍ത്തിച്ച് വരികയാണ്. റഷ്യന്‍ സൈബര്‍ ആക്രമണം ഉണ്ടായാല്‍ ശക്തമായ പ്രതികരണം ഉണ്ടാവുമെന്നും ബൈഡന്‍ പറഞ്ഞു. രാജ്യന്തര തലത്തില്‍ ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകള്‍ സാധ്യമാക്കുന്ന സ്വിഫ്റ്റില്‍ ( SWIFT) റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുമോ എന്നുള്ള ചോദ്യത്തിന് , അമേരിക്ക പ്രഖ്യാപിച്ച ഉപരോധങ്ങള്‍ സമാനമായോ അതില്‍ കൂടുതലോ ഉള്ള ഫലം ചെയ്യുമെന്നായിരുന്നു ബൈഡന്‍റെ മറുപടി.
സ്വിഫ്റ്റില്‍ റഷ്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുക എന്നുള്ളത് ഭവിയില്‍ സ്വീകരിച്ചേക്കാവുന്ന ഒരു നടപടിയാണെന്നും എന്നാല്‍ അത്തരം ഒരു നടപടി യൂറോപ്പിലെ രാജ്യങ്ങള്‍ ഈ ഘട്ടത്തില്‍ ആഗ്രഹിക്കുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു. ബൈഡന്‍ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധങ്ങളും പ്രഖ്യാപിച്ചു. കൂടുതല്‍ റഷ്യന്‍ ബാങ്കുകള്‍, സര്‍ക്കാരുമായി ബന്ധമുള്ള അതി സമ്പന്നര്‍, ഉന്നത സാങ്കേതിക മേഖലയിലെ കമ്പനികള്‍ എന്നിവയ്‌ക്കെതിരായാണ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ALSO READ: പുടിനെ ഫോണില്‍ വിളിച്ച് മോദി, ആക്രമണം അവസാനിപ്പിച്ച് നയതന്ത്ര ചർച്ചയിലേക്ക് കടക്കണമെന്ന് ഇന്ത്യ